Wednesday 27 June 2012

മുവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ അന്തീനോസിന്‌ ഇടുക്കിയുടെ ചുമതല


കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിന്റെ സഹായമെത്രാനായി മുവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ അന്തീനോസിന്‌ അധിക ചുമതല. ഇന്നലെ കട്ടപ്പന സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഭദ്രാസനയോഗത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ പ്രഥമനാണ്‌ ഇക്കാരം അറിയിച്ചത്‌. ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലിമീസിനെ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന്‌ ഔദ്യോഗിക ചുമതലകളില്‍നിന്ന്‌ മാറ്റുകയും ശ്രേഷ്‌ഠ കാതോലിക്ക ബാവ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിനാണ്‌ ഡോ. മാത്യൂസ്‌ മാര്‍ അന്തീനോസിനെ നിയോഗിച്ചിട്ടുള്ളത്‌. സാധാരണ ഭദ്രാസന കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കൂടിയ ഇന്നലത്തെ യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ ഇടുക്കി ഭദ്രാസനത്തിന്‌ കീഴിലുള്ള വിവിധ പള്ളികളില്‍നിന്നും എത്തിയ വിശ്വാസികള്‍ക്കുകൂടി പ്രവേശനം അനുവദിച്ചിരുന്നു. ഭദ്രാസനത്തിനുകീഴില്‍ 8 മാസമായി മുടങ്ങിക്കിടന്നിരുന്ന വൈദികശമ്പളം വിതരണം ചെയ്യുന്നതിനായി 50,000 രൂപ കൗണ്‍സില്‍ സെക്രട്ടറിയെ കാതോലിക്കബാവ ഏല്‍പ്പിച്ചു. കുര്യാക്കോസ്‌ മാര്‍ ക്ലിമീസ്‌ ഭദ്രാസന ചുമതല നിര്‍വഹിച്ചിരുന്ന കാലഘട്ടത്തില്‍ സഭയുമായി ബന്ധപ്പെട്ട്‌ ഉണ്ടായ സാമ്പത്തിക ബാധ്യതകള്‍ സഭാ നേതൃത്വത്തിന്റെ ചുമതലയില്‍ പരിഹരിക്കും. വ്യത്യസ്‌ത മേഖലകളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതനായി ഭൂമി വാങ്ങിയിട്ടുള്ള സ്ഥലങ്ങളില്‍ ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും. 13 ഇടവക കളിലും 4 ചാപ്പലുകളിലും നിന്ന്‌ എത്തിയ 68 ഭദ്രാസന പ്രതിനിധികളെ കൂടാതെ 100 ഓളം വിശ്വാസികളും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. കോതമംഗലം ബിഷപ്പ്‌ ഡോ. കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, ഇടുക്കി ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗശേഷം കട്ടപ്പന പള്ളിക്ക്‌ പുറത്ത്‌ കൂടിനിന്ന കത്തിപ്പാറത്തടം സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍നിന്ന്‌ എത്തിയ ആളുകള്‍ തങ്ങള്‍ ഭദ്രാസന സെക്രട്ടറിക്ക്‌ ഒരു കത്ത്‌ നല്‍കിയിരുന്നുവെന്നും ഇതിന്‌ വിശദീകരണം ലഭിക്കണമെന്നും ആവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കിയത്‌ നേരിയ സംഘര്‍ഷത്തിന്‌ കാരണമായി. കുര്യാക്കോസ്‌ മാര്‍ ക്ലിമീസിനെ ചുമതലകളില്‍നിന്ന്‌ നീക്കം ചെയ്യുന്നതിന്‌ വിശദീകരണം വേണമെന്നും ഇദ്ദേഹത്തിന്റെ സഹായംകൊണ്ടാണ്‌ ഇടുക്കി ഭദ്രാസനത്തിലെ പല പള്ളികളും പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിഭാഗം പുരോഹിതന്‍മാരുടെ സ്വാര്‍ത്ഥ താത്‌പര്യങ്ങളാണ്‌ ക്ലിമീസിനെ പുറത്താക്കാന്‍ കാരണമായതെന്നും അവര്‍ വിളിച്ചുപറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ ഇവര്‍ നല്‍കിയ കത്ത്‌ കാതോലിക്ക ബാവയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദാഹം അതിന്‍മേല്‍ ഉചിതമായ തീരുമാനം പിന്നീട്‌ അറിയിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

Sunday 24 June 2012

വിശുദ്ധ അല്‍ഫോ ന്‍സാമ്മയുടെ തിരുനാളിന്‌ ഭരണങ്ങാനം ഒരുങ്ങുന്നു

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോ ന്‍സാമ്മയുടെ തിരുനാളിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ഭരണങ്ങാനം ഒരുങ്ങുന്നു. ജൂലൈ 19 മുതല്‍ 28 വരെയാണു തിരുനാള്‍. കരിമരുന്നു കലാപ്രകടനങ്ങളും വാദ്യഘോഷങ്ങളും ഒഴിവാക്കിയാണു തിരുനാള്‍ ആഘോഷിക്കുന്നത്‌. 12 വൈദിക മേലധ്യക്ഷന്മാരടക്കം 72 കാര്‍മികര്‍ തിരുനാള്‍ ദിനങ്ങളില്‍ ഭരണങ്ങാനത്തെത്തും.

ജൂലൈ 19-ന്‌ രാവിലെ 10.45ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാളിനു കൊടിയേറ്റും. 27 വരെയുള്ള തീയതികളില്‍ എല്ലാ ദിവസവും രാവിലെ 5.30, 6.30, 8.30, 11.00, വൈകുന്നേരം 5.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6.30ന്‌ ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്‌ട്‌. എല്ലാദിവസവും 11-നുള്ള വിശുദ്ധകുര്‍ബാന വൈദിക മേലധ്യക്ഷന്മാരുടെ മുഖ്യകാര്‍മികത്വത്തിലാണു നടക്കുന്നത്‌.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ, ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ്‌ പണ്‌ടാരശേരില്‍, മാര്‍ ജയിംസ്‌ പഴയാറ്റില്‍, ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, മാര്‍ ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ മാത്യു അറയ്‌ക്കല്‍, മാര്‍ ലോറന്‍സ്‌ മുക്കുഴി, മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 28-നു രാവിലെ അഞ്ചിനു ഫാ. ഫ്രാന്‍സിസ്‌ വടക്കേലും ആറിനു വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്‌ടര്‍ റവ. ഡോ. ജോസഫ്‌ തടത്തിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഏഴിന്‌ നേര്‍ച്ചയപ്പം ആശീര്‍വദിക്കല്‍. 7.15-ന്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 8.30-ന്‌ ഫാ. മാത്യു മുണ്‌ടുവാലയില്‍, 9.15ന്‌ ഫാ. അഗസ്റ്റിന്‍ പെരുമറ്റം എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബാന. 10ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇടവക ദേവാലയത്തില്‍ തിരുനാള്‍ റാസ. ഫാ. തോമസ്‌ മണ്ണൂര്‍, ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍, എന്നിവര്‍ സഹകാര്‍മികരാവും.

തീര്‍ഥാടന കേന്ദ്രം റെക്‌ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍, ഫാ. ജോര്‍ജ്‌ കാവുംപുറത്ത്‌, ഫാ. തോമസ്‌ കാലാച്ചിറയില്‍, ഫാ. ജോസഫ്‌ മണിയംചിറ, ഫാ. മൈക്കിള്‍ നരിക്കാട്ട്‌്‌, ഫാ. മാത്യു മുണ്‌ടുവാലയില്‍, ഫാ. തോമസ്‌ കളത്തിപുല്ലാട്ട്‌്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരുനാള്‍ ദിനങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നടക്കുന്നത്‌.

ജീവന് ഭീഷണിയെന്ന്; കുര്യാക്കോസ് മാര്‍ ക്ലിമീസ് അരമനവിട്ടു

കട്ടപ്പന (ഇടുക്കി): യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമീസ് കട്ടപ്പനയിലെ അരമനവിട്ടു. ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം അരമന വിട്ടുപോയത്. മാര്‍ ക്ലിമീസിന്റെ ഡ്രൈവറും രണ്ട് ചെമ്മാച്ചന്‍മാരും അരമനവിട്ടുപോയി.

സഭാ ആസ്ഥാനത്ത് തിങ്കളാഴ്ച സുനഹദോസ് നടക്കാനിരിക്കെയാണ് കുര്യാക്കോസ് മാര്‍ ക്ലിമീസുംമറ്റും അരമന വിട്ടുപോയത്. ആരെങ്കിലും വീട്ടിലെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അദ്ദേഹം അയല്‍വാസികളോട് പറഞ്ഞിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്നും അയല്‍ക്കാരോടു പറഞ്ഞിട്ടുണ്ട്.

മെത്രാപ്പോലീത്ത 48 ലക്ഷം രൂപ നല്‍കാനുണ്ടെന്നുപറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച അപരിചിതരായ ചിലര്‍ അരമനയിലെത്തി ബഹളംവച്ചിരുന്നു. കാറിന്റെ ഡ്രൈവറെ കെയേറ്റംചെയ്യാനും ശ്രമിച്ചു. അരമനയില്‍നിന്ന് ഇറങ്ങി ഓടിയ കാര്‍ഡ്രൈവര്‍ അയല്‍വാസിയുടെ വീട്ടില്‍ക്കയറിയാണ് രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ റോഡില്‍വീണ് ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.

എറണാകുളത്തുനിന്നെന്നു പറഞ്ഞെത്തിയ ഇവര്‍ അരമനമുറിയുടെ കതക് തള്ളിത്തുറക്കാന്‍ ശ്രമിച്ചു.

ബഹളം കേട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. കട്ടപ്പന സി.ഐ. റെജി എം. കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘമെത്തിയാണ് ഇവരെ പറഞ്ഞയച്ചത്.

കുര്യാക്കോസ് മാര്‍ ക്ലിമീസ് 48 ലക്ഷം രൂപ നല്‍കാനുണ്ടെന്നു പറഞ്ഞാണ് ഇവര്‍ ബഹളംവച്ചത്. ഇതിനു തെളിവായി അദ്ദേഹം ഒപ്പുവെച്ചതെന്നു പറഞ്ഞ് ഉടമ്പടി നാട്ടുകാരെയും പോലീസിനെയും കാണിച്ചു. എന്നാല്‍ ഇരുകൂട്ടരും പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാതെ പോലീസ് തിരിച്ചുപോയി.

കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തതായും കല്പനയിലുണ്ടായിരുന്നു.

മൂന്നുവര്‍ഷം മുന്‍പാണ് ഇടുക്കി ഭദ്രാസനം തുടങ്ങിയത്. അന്നുമുതല്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു, കുര്യാക്കോസ് മാര്‍ ക്ലിമീസ്. ഇടുക്കി ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന് നീക്കംചെയെ്തങ്കിലും കട്ടപ്പനയിലെ അരമനയില്‍ത്തന്നെയായിരുന്നു താമസിച്ചിരുന്നത്.

Saturday 23 June 2012

കേരള വികസനത്തിനു ദിശാബോധം പകര്‍ന്ന വൈദികന്‍


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പാറത്തോട്‌ ഗ്രാമത്തില്‍ ഫാ. മാത്യു വടക്കേമുറി അത്ഭുതങ്ങളാണു കാഴ്‌ചവച്ചത്‌. കാര്‍ഷികമേഖലയിലെ വികസനത്തിന്റെ അനന്യമായ സാധ്യതകള്‍ കണെ്‌ടത്തി അതു ഗ്രാമങ്ങളില്‍ ആവിഷ്‌കരിച്ചു. കാല്‍ നൂറ്റാണ്‌ട്‌ മുമ്പ്‌ അന്നത്തെ സമൂഹത്തിനു ചിന്തിക്കാനാവാത്ത കാര്യങ്ങളാണു വടക്കേമുറിയച്ചന്‍ എന്ന ധിഷണാശാലി നടപ്പാക്കിയത്‌. മറ്റാരും കൈവക്കാന്‍ തയാറാകാതെ മടിച്ചുനിന്ന രംഗങ്ങളില്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങി. വടക്കേമുറിയച്ചന്റെ മനസ്‌ എന്നും പുത്തന്‍ പദ്ധതികളുടെ ഒഴിയാത്ത പണിപ്പുരയായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സിയായി 1977-ല്‍ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി (എംഡിഎസ്‌) രൂപീകൃതമായപ്പോള്‍ സെക്രട്ടറിയായി ചുമതലയേറ്റ ഫാ. മാത്യു വടക്കേമുറി 2001 വരെ ഇതിനു നേതൃത്വം വഹിച്ചു. അച്ചന്‍ നടപ്പാക്കിയ പദ്ധതികള്‍ കൂട്ടിവായിച്ചാല്‍ ഒരു പുരുഷായുസില്‍ ഇത്രയേറെ കാര്യങ്ങള്‍ എങ്ങനെ ചെയ്‌തുതീര്‍ക്കാനാകുമെന്നു ചിന്തിച്ചുപോകാം.

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അവരുടെ പക്ഷം ചേര്‍ന്നു അവരോടൊപ്പം അച്ചനും ജീവിച്ചു. എരത്വാപ്പുഴയിലെ മലവേടകോളനിയില്‍ സാക്ഷരതാപ്രവര്‍ത്തകനായും കണമലയില്‍ പാലം പണിയാന്‍ നാട്ടുകാര്‍ക്കൊപ്പം കല്ലുചുമക്കുന്ന ശ്രമദാനക്കാരനായും പാറത്തോട്‌ എംഡിഎസ്‌ വളപ്പില്‍ തൂമ്പയെടുത്തു കിളയ്‌ക്കുന്ന കര്‍ഷകനായും അച്ചനെ സമൂഹം കണ്‌ടു. ടാറ്റ കമ്പനിയുടെ 501 ബാര്‍ സോപ്പുമായി ഏറ്റുമുട്ടാന്‍ പാറത്തോട്‌ ഗ്രാമത്തില്‍ അച്ചന്‍ സോപ്പു നിര്‍മിച്ചു. വി ടു, ചാവി തീപ്പെട്ടികളെ തോല്‍പ്പിക്കാന്‍ മലനാട്‌ തീപ്പെട്ടി വിപണിയിലിറക്കി. മില്‍മയ്‌ക്കൊപ്പം മലനാട്‌ പാല്‍ കേരളത്തില്‍ ഒഴുക്കി. മലനാട്‌ തേന്‍ അന്‍പതോളം രാജ്യങ്ങളിലേക്കു കയറ്റി അയച്ചു. കാഞ്ഞിരപ്പള്ളിയില്‍ പട്ടുസാരി നെയ്‌തു നാട്ടിന്‍പുറങ്ങളില്‍ വിറ്റു. പാവങ്ങള്‍ക്കു തൊഴില്‍ എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം.

പാറത്തോട്ടിലുള്ള മലനാട്‌ കാമ്പസ്‌ സുസ്ഥിര വികസന മാതൃകകളുടെ പരീക്ഷണശാലയും പാഠശാലയുമായി അച്ചന്‍ വളര്‍ത്തിയെടുത്തു. പാറത്തോട്ടിലെ എംഡി എസ്‌ ട്രെയിനിംഗ്‌ സെന്ററില്‍ മാത്രം ഇന്ന്‌ 150ല്‍ ഏറെപ്പേര്‍ ജോലി ചെയ്യുന്നു.

നിത്യവൃത്തിക്കു വകതേടിയ ക്ഷീര കര്‍ഷകര്‍ക്കു ഒരാശ്വാസത്തിന്റെ സേവനസ്‌പര്‍ശവുമായി 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മലനാട്‌ മില്‍ക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ സൊസൈറ്റിയാണ്‌ വടക്കേമുറിയച്ചന്റെ പ്രവര്‍ത്തന മേഖലയിലെ മറ്റൊരു നാഴികക്കല്ല്‌. പ്രാദേശിക ക്ഷീരോല്‌പാദക സംഘങ്ങള്‍ വഴി സമാഹരിക്കുന്ന പാല്‍ സംസ്‌കരിച്ചു വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി പാറത്തോട്ടില്‍ മില്‍ക്ക്‌ പാസ്‌ചറൈസേഷന്‍ പ്ലാന്റും ഇടുക്കി ജില്ലയിലെ അണക്കരയില്‍ മില്‍ക്ക്‌ ചില്ലിംഗ്‌ പ്ലാന്റും സ്ഥാപിച്ചു. പ്രതിദിനം 1.25 ലക്ഷം ലിറ്റര്‍ പാല്‍ വിപണിയില്‍ എത്തിക്കാന്‍ വേ സംവിധാനങ്ങളുമായി ഇന്നു ഈ കര്‍ഷകമുന്നേറ്റം ഏറെ വളര്‍ന്നു കഴിഞ്ഞു.

സ്വകാര്യമേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റിനു പാറത്തോട്ടില്‍ ആരംഭം കുറിച്ചു. റബര്‍ബോര്‍ഡ്‌ ദേശീയതലത്തില്‍ നടപ്പാക്കിക്കൊണ്‌ടിരിക്കുന്ന തേനീച്ച കോളനി വിതരണ പദ്ധതിക്കു പ്രേരകമായത്‌ ഫാ. മാത്യു വടക്കേമുറിയുടെ നേതൃത്വത്തില്‍ 1987ല്‍ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി ആരംഭം കുറിച്ച തേനീച്ച പദ്ധതിയാണ്‌. പദ്ധതിയുടെ പ്രയോജനവും പ്രാധാന്യവും തിരിച്ചറിഞ്ഞ റബര്‍ബോര്‍ഡ്‌ സ്‌കീം ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നു. തേന്‍ സംഭരണ രംഗത്തും വടക്കേമുറിയച്ചന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്‌.

തേനീച്ച വളര്‍ത്തലില്‍ കര്‍ഷകര്‍ക്കു നിരന്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചും തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയും തേനീച്ച വളര്‍ത്തല്‍ വ്യാപകമാക്കി.

1991-92 കാലഘട്ടത്തില്‍ തായ്‌സാക്‌ബ്രൂഡ്‌ രോഗംമൂലം കേരളത്തിലെ തേനീച്ച പാടേ നശിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുവാന്‍ അച്ചന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍നിന്ന്‌ മെല്ലിഫ്രാ ഇനത്തില്‍പ്പെട്ട ഇറ്റാലിയന്‍ തേനീച്ചകളെ എത്തിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്‌തു. ആയിരത്തോളം തേനീച്ച കോളനികളാണു റെയില്‍മാര്‍ഗം കേരളത്തില്‍ എത്തിച്ചത്‌.

പാറത്തോട്ടില്‍ വടക്കേമുറിയച്ചന്‍ ആരംഭം കുറിച്ച തേന്‍സംഭരണ - സംസ്‌കരണ യൂണിറ്റ്‌ ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേന്‍ സംഭരിച്ചു സംസ്‌കരിക്കുന്ന യൂണിറ്റാണ്‌. തേന്‍ അഗ്‌മാര്‍ക്ക്‌ ചെയ്യുവാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ അംഗീകാരമുള്ള ലബോറട്ടറി സന്നദ്ധമേഖലയില്‍ ആദ്യമായി സ്ഥാപിച്ചതും ഇദ്ദേഹം തന്നെ. 1993-ല്‍ തെക്കേ ഇന്ത്യയിലെ തേനീച്ച കര്‍ഷകരെയും സംഘടനകളെയും ഒരുമിച്ചുചേര്‍ത്തു സൗത്ത്‌ ഇന്ത്യന്‍ ബീകീപ്പേഴ്‌സ്‌ ഫെഡറേഷനു രൂപം നല്‍കി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ്‌ മെംബറായി അച്ചനെ തെരഞ്ഞെടുക്കുകയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്‌തു.

ദിശാബോധം പകര്‍ന്ന ഗവേഷകന്‍

കാഞ്ഞിരപ്പള്ളി: ഊര്‍ജ വികസന രംഗത്തുള്ള വടക്കേമുറിയച്ചന്റ സംഭാവനകള്‍ വിസ്‌മരിക്കാവുന്നതല്ല. ബയോഗ്യാസ്‌ പ്ലാന്റുകള്‍ കേരളത്തില്‍ ജനകീയമാക്കിയതും വ്യാപകമായി പ്രചരിപ്പിച്ചതും കേരളത്തില്‍ ആദ്യമായി ജനതാ മോഡല്‍ ബയോഗ്യാസ്‌ പ്ലാന്റും ഡൂം മോഡല്‍ ബയോഗ്യാസ്‌ പ്ലാന്റും അവതരിപ്പിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്‌. ബയോഗ്യാസ്‌ പ്ലാന്റുകളുടെ പ്രവര്‍ത്തന ചെലവ്‌ ഗണ്യമായി കുറച്ച ഫെറോസിമന്റ്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ ഇന്ത്യയില്‍ ആദ്യമായി രൂപകല്‌പന ചെയ്‌തു. മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 22000ല്‍ അധികം ബയോഗ്യാസ്‌ പ്ലാന്റുകള്‍ നിര്‍മിച്ചു നല്‍കി. റബ്ബര്‍ഷീറ്റ്‌ അടിക്കുമ്പോള്‍ പുറംതള്ളുന്ന മലിനജലം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്‌ പ്ലാന്റുകള്‍ക്ക്‌ തുടക്കമിട്ടു. തുടര്‍ന്നു റബര്‍ബോര്‍ഡുമായി സഹകരിച്ച്‌്‌ ഇതിനു സബ്‌സിഡി ലഭ്യമാക്കുവാനും അച്ചന്റെ ശ്രമഫലമായി സാധിച്ചു.

ബയോഗ്യാസ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കുവാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ദേശീയശൃംഖല രൂപീകരിക്കുവാന്‍ മുന്നിട്ടിറങ്ങി. കേരളം, ഗോവ, തമിഴ്‌നാട്‌, കര്‍ണാടക, പോണ്‌ടിച്ചേരി, ആന്ധ്രാപ്രദേശ്‌ സംസ്ഥാനങ്ങളില്‍നിന്നുള്ള സന്നദ്ധസംഘടനകളെ ബന്ധപ്പെടുത്തി 1993ല്‍ വടക്കേമുറിയച്ചന്‍ രൂപം നല്‍കിയ `സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ്‌ ഏജന്‍സി' (എസ്‌ഡിഎ)യുടെ നേതൃത്വത്തില്‍ 64000ല്‍ അധികം ബയോഗ്യാസ്‌ പ്ലാന്റുകളാണ്‌ തെക്കേ ഇന്ത്യയില്‍ നിര്‍മിച്ചത്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകൃത നോഡല്‍ ഏജന്‍സിയായി എസ്‌ഡിഎയ്‌ക്ക്‌ അംഗീകാരം ലഭിച്ചതും എസ്‌ഡിഎയുടെ ചെയര്‍മാനായ അച്ചന്റെ ശ്രമഫലമായാണ്‌.

ഭവനരഹിതര്‍ക്കു പാര്‍പ്പിടം ഒരുക്കുവാന്‍ വടക്കേമുറിയച്ചന്‍ എക്കാലവും മുമ്പന്തിയിലായിരുന്നു. വിവിധ പദ്ധതികളിലായി 12000ല്‍ അധികം വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിക്കു കഴിഞ്ഞു. മഹാജൂബിലി സ്‌മാരകമായി രണ്‌ടായിരാമാണ്‌ടില്‍ 2000 വീട്‌ എന്ന സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചു. പദ്ധതി പൂര്‍ണതിയെലിത്തിയപ്പോള്‍ മൂവായിരത്തില്‍പ്പരം വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി രൂപതയ്‌ക്കു സാധിച്ചതിന്റെ പിന്നിലെ ചാലകശക്തി അച്ചനായിരുന്നു.

വിദ്യാഭ്യാസമേഖലയിലും അനുകരണീയമായ സംഭാവനകള്‍ നല്‍കി. പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്തു ഏകീകൃത പാഠ്യക്രമം ആവിഷ്‌കരിക്കുവാനും പ്രകൃതി സൗഹൃദ പഠനക്രമം അനുവര്‍ത്തിക്കുവാനും 1988ല്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ സൊസൈറ്റി ആരംഭിച്ച നഴ്‌സറി സ്‌കൂള്‍ വിദ്യാഭ്യാസ വികസന പദ്ധതിവഴി കഴിഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 120ല്‍ ഏറെ നേഴ്‌സറി സ്‌കൂളുകളെ പദ്ധതിയുടെ ഭാഗമായി ഏകോപിപ്പിക്കുവാനും പഠനോപകരണങ്ങളും കളിക്കോപ്പുകളും തയാറാക്കി നല്‍കുവാനും കഴിഞ്ഞു. ഈ പാഠ്യക്രമം പിന്നീട്‌ വിവിധ ഏജന്‍സികള്‍ വ്യാപകമായി ഏറ്റെടുക്കുവാന്‍ മുന്നോട്ടുവന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിമാന സ്ഥാപനമായ അമല്‍ ജ്യോതി എന്‍ജിനിയറിംഗ്‌ കോളജ്‌ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയതും വടക്കേമുറിയച്ചനാണ്‌.

പാലും തേനും ഒഴുക്കി വികസനവിപ്ലവം

കാഞ്ഞിരപ്പള്ളി: കര്‍ഷകമുന്നേറ്റങ്ങളും കര്‍ഷക കൂട്ടായ്‌മകളും വഴി മാത്രമേ കര്‍ഷകനു സ്ഥാപിത താല്‌പര്യക്കാരുടെയും കുത്തക വ്യവസായികളുടെയും ഇടത്തട്ടുകാരുടെയും ചൂഷണത്തില്‍ നിന്ന്‌ മോചിതരാകുവാന്‍ കഴിയൂ എന്ന്‌ വിശ്വസിച്ചിരുന്ന വടക്കേമുറിയച്ചന്‍ കര്‍ഷക സമൂഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഒട്ടേറെ സംരഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഇടുക്കിയില്‍ ചെറുകിട കര്‍ഷകരെ ഒരുമിച്ചുകൊണ്‌ടു ആരംഭിച്ച മലനാട്‌ ഫാര്‍മേഴ്‌സ്‌ സൊസൈറ്റികളും സുഗന്ധവിള കര്‍ഷകരെ കോര്‍ത്തിണക്കിസ്‌പൈസസ്‌ ഫാര്‍മേഴ്‌സ്‌ സൊസൈറ്റികളും കര്‍ഷകര്‍ക്ക്‌ പുതിയ ദിശാബോധം ലഭിക്കുവാന്‍ സഹായകമായി. ഹൈറേഞ്ച്‌ മേഖലയിലെ ഒമ്പത്‌ ഗ്രാമങ്ങളിലെ ചെറുകിട തേയില കര്‍ഷകരെ സംഘടിപ്പിച്ചു രൂപം നല്‍കിയ മലനാട്‌ ടീ ഫാര്‍മേഴ്‌സ്‌ സൊസൈറ്റി കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന കൊളുന്ത്‌ ഇടനിലക്കാരെ ഒഴിവാക്കി സംസ്‌കരിക്കുവാന്‍ വാളാഡിയില്‍ സ്വന്തമായി ടീ ഫാക്‌ടറി സ്ഥാപിച്ചു.

ഹൈറേഞ്ചിലെ കര്‍ഷകരുടെ അഭിവൃദ്ധിക്കായി ഏലംകൃഷി വികസനപദ്ധതി നടപ്പാക്കിയ അച്ചന്‍ നെറ്റിത്തൊഴുവിലും കൊച്ചറയിലും സ്റ്റോറുകള്‍ ആരംഭിച്ചു. റബര്‍ ബോര്‍ഡുമായി സഹകരിച്ചു 1981ല്‍ അച്ചന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍ധനര്‍ക്കു റബര്‍കൃഷി പദ്ധതി 4200ല്‍ ഏറെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കു രക്ഷാമാര്‍ഗമായി. മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി 1981ല്‍ ആരംഭിച്ച ഗ്രാമതല കര്‍ഷക യൂണിറ്റുകള്‍ മാതൃകയാക്കിയാണ്‌ റബര്‍ബോര്‍ഡ്‌ പിന്നീട്‌ ആയിരത്തിലധികം റബര്‍ ഉല്‌പാദകസംഘങ്ങള്‍ കേരളത്തിലും പുറത്തുമായി രൂപീകരിക്കുവാന്‍ മുന്നിട്ടിറങ്ങിയത്‌.

മള്‍ബറികൃഷിയും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും കേരളത്തില്‍ ആദ്യമായി വ്യാപകമായി പ്രചരിപ്പിച്ചത്‌ വടക്കേമുറിയച്ചനാണ്‌. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനരംഗത്ത്‌ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നിലും വടക്കേമുറിയച്ചന്റെ ദീര്‍ഘവീക്ഷണവും വികേന്ദ്രീകൃത വികസന ദര്‍ശനവുമാണ്‌ ഉള്ളത്‌. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ മഴവെള്ള സംഭരണം വ്യാപകമാക്കാന്‍ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു അച്ചനാണ്‌. മഴവെള്ള സംഭരണികള്‍ നിര്‍മിക്കുവാന്‍ ഫെറോസിമന്റ്‌ സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായി മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയാണ്‌ നടപ്പാക്കിയത്‌. ഫെറോസിമന്റ്‌ സാങ്കേതിക വിദ്യയ്‌ക്കു സര്‍ക്കാര്‍തലത്തില്‍ അംഗീകാരം നേടുന്നതില്‍ വിജയിച്ച അച്ചന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കുന്ന നിയമം സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കുന്നതിനു പിന്നിലും പ്രേരകശക്തിയായി വര്‍ത്തിച്ചു.

ജൈവസൗഹൃദ ഉല്‌പന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിച്ചും നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയും പ്രകൃതി സാഹോദര്യ ഗ്രൂപ്പുകള്‍ പ്രാദേശികമായി രൂപീകരിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാരിസ്ഥിതിക മാനം നല്‍കുവാന്‍ സാധിച്ചു.

ഇടുക്കി ജില്ലയിലെ കരുണാപുരത്തും കോട്ടയം ജില്ലയിലെ പനക്കച്ചിറയിലും ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിലും 1999 ല്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച സുസ്ഥിര കുടിവെള്ള പദ്ധതി കേരളത്തിനു മുഴുവന്‍ മാതൃകയായ നീര്‍ത്തടവികസന മോഡലായി ശ്രദ്ധിക്കപ്പെട്ടു. 1997ല്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ജൈവകര്‍ഷക കൂട്ടായ്‌മകളും തുടര്‍ച്ചയായി രൂപീകരിച്ച സഹ്യസാനു ജൈവഗ്രാമപദ്ധതിയും പുതിയ കാര്‍ഷിക ശൈലികള്‍ക്കു കളമൊരുക്കി.

ഗ്രാമീണവികസനത്തില്‍ പുത്തന്‍പാതകള്‍

കാഞ്ഞിരപ്പള്ളി: തൊഴില്‍രഹിതരെ സംഘടിപ്പിച്ചു നിരവധി സഹകരണപ്രസ്ഥാനങ്ങള്‍ക്കും സ്വതന്ത്ര വ്യവസായ യൂണിറ്റുകള്‍ക്കും വടക്കേമുറിയച്ചന്‍ ആരംഭം കുറിച്ചു. പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റിയായ വീമന്‍സ്‌, 1981ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച മലനാട്‌ കരകൗശല സംഘം, റബര്‍ ഡോര്‍ മാറ്റുകള്‍ നിര്‍മിച്ച്‌ വിദേശത്തേയ്‌ക്ക്‌ കയറ്റുമതി ചെയ്‌തുകൊണ്‌ടിരുന്ന പ്രിയാസ്‌, കപ്പാട്‌ വനിതാ ഇന്‍ഡസ്‌ട്രിയല്‍ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റി, മണിപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍, പാറത്തോട്ടിലെ ഫ്രസ്‌ റബര്‍ ഇന്‍ഡസ്‌ട്രീസ്‌, മലനാട്‌ ഹരിജന്‍ വനിതാ ഹാന്റിക്രാഫ്‌റ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റി എന്നിവ അച്ചന്‍ നേതൃത്വം കൊടുത്ത്‌ ആരംഭിച്ച വ്യവസായ സംരംഭങ്ങളാണ്‌.

മൃഗസംരക്ഷണ രംഗത്തും ചില നൂതനമുന്നേറ്റങ്ങള്‍ക്കു വടക്കേമുറിയച്ചന്‍ തുടക്കം കുറിച്ചു. നാടന്‍ ആടുകളുടെ വര്‍ഗഗുണം വര്‍ധിപ്പിക്കുവാന്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നു ജമുനാപ്യാരി ആടുകളെ കേരളത്തില്‍ കൊണ്‌ടുവന്നു ചെറുകിട കര്‍ഷകര്‍ക്കു വിതരണം ചെയ്‌തു. കാലിവളര്‍ത്തലുകാര്‍ക്കു കാലികള്‍ക്കുള്ള കൃത്രിമ ബീജസങ്കലന സൗകര്യം പ്രാദേശികമായി ലഭ്യമാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി.

വേദനിക്കുന്നവര്‍ക്കു നല്ല സമറായന്‍

കാഞ്ഞിരപ്പള്ളി: വേദനിക്കുന്ന മനുഷ്യരുടെ കണ്ണുനീര്‍ ഒപ്പുവാന്‍ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്നു വടക്കേമുറിയച്ചന്‍ ചെന്നു. 1999ല്‍ ചുഴലി കൊടുങ്കാറ്റ്‌ ദുരന്തം വിതച്ച ഒറീസയിലെ ജഗ്‌സിംഗ്‌പൂര്‍, കേന്ദ്രപഡ ജില്ലകളില്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ 56 സന്നദ്ധപ്രവര്‍ത്തകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അടിയന്തര ചികിത്സാസഹായം എത്തിച്ചും ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌തും വീടുകള്‍ നിര്‍മിച്ചു നല്‍കിയും ദുരിതബാധിതരുടെ ക്ലേശങ്ങള്‍ ദുരീകരിക്കാന്‍ അച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാപകല്‍ അത്യധ്വാനം ചെയ്‌തു. ചുഴലിക്കൊടുങ്കാറ്റില്‍ നിലംപറ്റിയ അംബസാള്‍ ഗവണ്‍മെന്റ്‌ സ്‌കൂളിന്റെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചു പ്രവര്‍ത്തനയോഗ്യമാക്കി. കുടിവെള്ള ടാങ്കും കക്കൂസും നിര്‍മിച്ചു നല്‍കി. ഈ സ്‌കൂളിലെ കുട്ടികളുമായി തുടര്‍ന്നും ബന്ധപ്പെടുവാന്‍ ലക്ഷ്യമിട്ടു പാവപ്പെട്ടവരായ 24 കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്‌ത ശേഷമാണു അച്ചന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയില്‍നിന്നു മടങ്ങിയത്‌.

നിസ്വാര്‍ത്ഥ സേവനത്തിന്റെ സാക്ഷ്യം: മാര്‍ അറയ്‌ക്കല്‍

കാഞ്ഞിരപ്പള്ളി: നാലു പതി റ്റാണ്‌ടുകാലം സാമൂഹ്യക്ഷേമ വികസന രംഗത്തു നിറഞ്ഞുനിന്ന്‌ ജാതിമതഭേദമെന്യേ സകല മനുഷ്യരുടെയും സമഗ്രവികസനം ലക്ഷ്യമാക്കി ജീവിച്ച മാത്യു വടക്കേമുറിയച്ചന്റെ നിര്യാണം സഭയ്‌ക്കും പൊതുസമൂഹത്തിനും തീരാനഷ്‌ടമാണെന്നു കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍. ക്രൈസ്‌തവ ദര്‍ശനത്തിലൂന്നി, ഗാന്ധിയന്‍ ശൈലിയില്‍ പ്രകൃതിജീവനം നടത്തിയ മാത്യു അച്ചന്‍ തികച്ചും ശാസ്‌ത്രീയവും ക്രമീകൃതവുമായ സാമൂഹിക ക്ഷേമപ്രവര്‍ത്തന ങ്ങള്‍ക്ക്‌ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമല്ല കേരളത്തിലുടനീളം നേതൃത്വം നല്‍കി. സാമൂഹ്യസേവനത്തെ ഒരു ശുശ്രൂഷയ്‌ക്കപ്പുറം സുസ്ഥി രമായ ഒരു വികസനത്തിന്റെ പന്ഥാവാക്കിമാറ്റാന്‍ ഫാ. വടക്കേമുറിയുടെ നേതൃത്വത്തിലാരംഭിച്ച മലനാട്‌ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെയും ഇന്‍ഫാമിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്ന്‌ മാര്‍ അറയ്‌ക്കല്‍ സൂചിപ്പിച്ചു. തൊഴിലിനൊപ്പം തൊഴിലാളിയെ തൊഴിലുടമയാ ക്കുവാനും പാവപ്പെട്ടവനേയും സാധാരണക്കാരനേയും സമ്പന്ന നേയും ഒരേ ചരടില്‍ കോര്‍ത്തു നിര്‍ത്തി സാമൂഹിക സമുദ്ധാ രണത്തിന്‌ നേതൃത്വം നല്‍കിയ ഫാ. വടക്കേമുറിയുടെ ജീവിതം വരും തലമുറകള്‍ക്കു മാതൃക യാകുമെന്നു മാര്‍ അറയ്‌ക്കല്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി: മലനാട്‌ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി, ഇന്‍ഫാം എന്നീ പ്രസ്ഥാനങ്ങ ളിലൂടെ സഭയ്‌ക്കും സമൂഹത്തിനും നിസ്‌തുല സേവനം ചെയ്‌ത ഫാ. മാത്യു വടക്കേമുറിയുടെ നിര്യാ ണത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ അനുശോചിച്ചു.

ദൈവത്തോടുള്ള വിശ്വസ്‌തത യില്‍നിന്നും രൂപം കൊള്ളുന്ന സാമൂഹ്യപ്രതിബദ്ധതയുടെ ആള്‍ രൂപമായിരുന്നു ഫാ. വടക്കേ മുറിയെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തി ല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാവുംപകലും പാവപ്പെട്ട വരുടെ ഉന്നമനത്തിനുവേണ്‌ടി അധ്വാനിച്ച അച്ചനോടു കേരള സമൂഹത്തിനു വലിയ കടപ്പാ ടുണെ്‌ടന്നു അനുശോചന സന്ദേ ശത്തില്‍ മാര്‍ പവ്വത്തില്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. നല്ല അജപാലകനും മികച്ച സാമൂഹിക പ്രവര്‍ത്തകനും സം ഘാടകനുമായ മാത്യു വടക്കേ മുറിയച്ചന്റെ നിര്യാണം കേരള സഭയ്‌ക്ക്‌ വലിയ നഷ്‌ടമാണെന്ന്‌ മാര്‍ മാത്യു വട്ടക്കുഴി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും പ്രത്യേക താല്‍പ്പര്യമുണ്‌ടായിരുന്ന അച്ചന്‍ വിദ്യാഭ്യാസ മേഖലയിലും കാര്‍ഷിക മേഖലയിലും സ്‌മര ണീയമായ സംഭാവനകള്‍ നല്‍കിയിരുന്നുവെന്നു മാര്‍ വട്ടക്കുഴി സൂചിപ്പിച്ചു.

അനുശോചന പ്രവാഹം

കാഞ്ഞിരപ്പള്ളി: വാഹനാപകടത്തില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞ ഇന്‍ഫാം മുന്‍ ചെയര്‍മാനും മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.

ഇന്‍ഫാം സ്ഥാപ ക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു.

രൂപതയുടെ സാമൂഹിക പ്രസ്ഥാ നമായ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ സ്ഥാപകനും സാരഥിയുമായ ഫാ. വടക്കേമുറി യിലൂടെ സമൂഹത്തിനു പങ്കുവയ്‌ക്ക പ്പെട്ട നിസ്വാര്‍ഥ സേവനങ്ങള്‍ നിസ്‌തുലങ്ങളാണ്‌. സാമൂഹിക രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ ക്ക്‌ ശക്തിപകര്‍ന്ന ആത്മീയ നേതാവിനെയാണു ഫാ. വടക്കേ മുറിയുടെ വേര്‍പാടിലൂടെ നഷ്‌ട പ്പെട്ടിരിക്കുന്നതെന്നു അനുശോ ചനസന്ദേശത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയും ഇന്‍ഫാമിന്റെ ദേശീയ ചെയര്‍മാനുമായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ കോളജ്‌ ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ അനുശോചിച്ചു.

കേരള ക്രൈസ്‌തവ സഭയ്‌ക്കും സാമൂഹിക, സാമ്പത്തിക വളര്‍ച്ചയ്‌ക്കും കൃഷിക്കാരുടെ ഉന്നമനത്തിനുമായി അച്ചന്‍ ചെയ്‌ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നു ഫാ. നിരപ്പേല്‍ കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളി: എകെസിസി കാഞ്ഞിരപ്പള്ളി രൂപത സെക്രട്ടറിയേറ്റ്‌ അനുശോചിച്ചു. ഫാ. മാത്യു വടക്കേമുറി നല്ലസമറായനായിരുന്നെന്നും അദ്ദേഹത്തിന്റെ നിര്യാണം സഭയ്‌ക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്‌ ബേബിച്ചന്‍ ഏര്‍ത്തയില്‍, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോര്‍ജ്‌ കൂരമറ്റം, അഡ്വ. വി.സി. സെബാസ്‌റ്റിയന്‍, കെ.എസ്‌. കുര്യന്‍ പൊട്ടംകുളം, ജോയി നെല്ലിയാനി, ജോസ്‌ കൊച്ചുപുര എന്നിവര്‍ പ്രസംഗിച്ചു.

കപ്പാട്‌: എകെസിസി കപ്പാട്‌ യൂണിറ്റ്‌ അനുശോചിച്ചു. പ്രസിഡന്റ്‌ ജോമി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ വികാരി ഫാ. ജോണി ചെരിപുറം, അസിസ്റ്റന്റ്‌ വികാരി ഫാ. സോബിന്‍ താഴത്തുവീട്ടില്‍, ജോണി വളയത്തില്‍, ജോയി നെല്ലിയാനി, ജോജോ തെക്കുംചേരിക്കുന്നേല്‍, ജയിംസ്‌ വെള്ളമറ്റം, സാബു വട്ടോത്ത്‌, ഷാജി പുതിയാപറമ്പില്‍, ജോസ്‌ നെല്ലിയാനി, ജോയി പാലക്കുടി, വില്‍സണ്‍ പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്‌-എം നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി ജോയി നെല്ലിയാനി അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറിയും സെന്റ്‌ ആന്റണീസ്‌ കോളജ്‌ അഡ്‌മിനിസ്‌ട്രേറ്ററുമായ ജോസ്‌ കൊച്ചുപുര അനുശോചിച്ചു.

ആഫ്രിക്കയില്‍ വാഹനാപകടം: രണ്‌ടു മലയാളി കന്യാസ്‌ത്രീകള്‍ മരിച്ചു


ജാക്കോബു : ആഫ്രിക്കയില്‍ ഇന്നലെ രാത്രി ഉണ്‌ടായ വാഹനാപകടത്തില്‍ രണ്‌ടു മലയാളി കന്യാസ്‌ത്രീകള്‍ മരിച്ചു. രണ്‌ടു പേരുടെ നില അതീവ ഗുരുതരം. ഹോളിഫാമിലി ജനറലേറ്റിന്റെ ആഫ്രിക്കയിലെ റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി എല്‍വീന സിഎച്ച്‌എഫ്‌ (67), ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ കൃപാ പോള്‍ സിഎച്ച്‌എഫ്‌ (34) എന്നിവരാണ്‌ മരിച്ചത്‌.

അപകടത്തില്‍ പരിക്കേറ്റ സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി സിഎച്ച്‌എഫ്‌ (52), സിസ്റ്റര്‍ ബിന്‍സി മരിയ സിഎച്ച്‌എഫ്‌ (36) എന്നിവരുടെ നില അതീവ ഗുരുതരമാണ്‌. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ കീഴിലുള്ള ഇരിങ്ങാലക്കുട കല്ലേറ്റുംങ്കര പാവനാത്മ പ്രൊവിന്‍സിലെ അംഗമാണ്‌ സിസ്റ്റര്‍ ആനി എല്‍വീന. ഡല്‍ഹി പ്രൊവിന്‍സിലെ അംഗമാണ്‌ സിസ്റ്റര്‍ കൃപ പോള്‍. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30നാണ്‌ അപകടം ഉണ്‌ടായത്‌. വെസ്റ്റ്‌ ആഫ്രിക്കയിലെ ജാക്കോബു എന്ന സ്ഥലത്തു നിന്നും കൊടിയാബേ എന്ന സ്ഥലത്തേക്ക്‌ വാനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരിരുന്ന വാന്‍ മറിയുകയായിരുന്നു.

മരണമടഞ്ഞ സിസ്റ്റര്‍ ആനി എല്‍വീന മാള കവലക്കാട്ട്‌ കുടുംബാഗവും ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളജിലെ ഗണിതശാസ്‌ത്ര അധ്യാപികയുമായിരുന്നു. ആഫ്രിക്കയിലെ ജില്ലാ ആശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ കൃപാ പോള്‍ പേരാമ്പ്ര പന്തല്ലൂക്കാരന്‍ പൗലോസ്‌ സാറാമ്മ ദമ്പതികളുടെ മകളാണ്‌.

മാര്‍ ബോസ്‌കോ പുത്തൂര്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു


സിംഗപ്പൂര്‍: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ കുരിയ ബിഷപ്പ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ ജൂണ്‍ 16 മുതല്‍ 19 വരെ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തി. ചാംഗി എയര്‍പോര്‍ട്ടില്‍ പ്രസിഡന്റ്‌ എ.കെ. സേവ്യര്‍ ആറുപറയിലിന്റെ നേതൃത്വത്തില്‍ ബിഷപ്പിന്‌ സ്വീകരണം നല്‍കി. വൈകുന്നേരം 7.30ന്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന അര്‍പ്പിച്ചു. നൂറുകണക്കിന്‌ വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു.

ലോകത്തിന്റെ ഏതുഭാഗത്തായിരുന്നാലും തങ്ങളുടെ വിശ്വാസവും ആരാധന ക്രമവും സ്‌നേഹവും പരസ്‌പരസഹായവും സഭാ അംഗങ്ങള്‍ പാലിക്കുന്നതുകൊണ്‌ടാണ്‌ കുര്‍ബാനയില്‍ പങ്കുചേരുവാന്‍ വിശ്വാസികള്‍ എത്തിച്ചേര്‍ന്നതെന്ന്‌ പ്രസംഗത്തില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

ജൂണ്‍ 17ന്‌ രാവിലെ സിംഗപ്പൂരിലെ സീറോ മലബാര്‍ വിശ്വാസികളുടെ കുടുംബ കൂട്ടായ്‌മ യോഗം ബിഷപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിശ്വാസികള്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ ഫാ. ഡൊമിനിക്‌ സാവിയോ, പ്രത്യേക ക്ഷണിതാക്കള്‍, സഭാവിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൈകുന്നേരം നടന്ന യൂത്ത്‌ മീറ്റില്‍ നിരവധി യുവതി, യുവാക്കള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ ബിഷപ്പ്‌ പ്രസംഗിച്ചു.

ജൂണ്‍ 18ന്‌ സിംഗപ്പൂര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ നിക്കോളാസ്‌ ചിയാ, സിംഗപ്പൂരിലെ വത്തിക്കാന്‍ പ്രതിനിധി എന്നിവരെയും സന്ദര്‍ശിച്ചു. സിസ്റ്റേഴ്‌സ്‌ ഓഫ്‌ ചാരിറ്റിയുടെ ഓള്‍ഡേജ്‌ ഹോമില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സന്ദര്‍ശനം നടത്തി. പിതാവിന്റെ സന്ദര്‍ശന വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു.

Friday 22 June 2012

ഇന്‍ഫാം സ്‌ഥാപകന്‍ ഫാ. വടക്കേമുറി അന്തരിച്ചു

കാഞ്ഞിരപ്പള്ളി: മലനാട്‌ ഡെവലപ്‌മെന്റ്‌ സൊസൈറ്റി സ്‌ഥാപക സെക്രട്ടറിയും ഇന്‍ഫാം സ്‌ഥാപക ചെയര്‍മാനുമായ ഫാ. മാത്യു വടക്കേമുറി (70) അന്തരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.15-ന്‌ എറണാകുളം അമൃതാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മേയ്‌ 20-ന്‌ മൂവാറ്റുപുഴയ്‌ക്കടുത്ത്‌ വാഴക്കുളത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റതിനെത്തുടര്‍ന്ന്‌ കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ കഴിഞ്ഞ 17-ന്‌ അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

റബര്‍ കര്‍ഷകര്‍ക്കും ഹൈറേഞ്ച്‌ മേഖലയിലെ മലയോര കര്‍ഷകര്‍ക്കുമായി നിരവധി പ്രസ്‌ഥാനങ്ങള്‍ ആരംഭിച്ച ഫാ. മാത്യു വടക്കേമുറി സേവന മേഖലയിലെ നിറസാന്നിധ്യമായിരുന്നു. വികസനം കടന്നുചെല്ലാത്ത മലയോര മേഖലകളില്‍ വൈദ്യുതിയും വെളിച്ചവുമെത്തിച്ചും അസംഘടിത മേഖലയിലെ കര്‍ഷകരെ സംഘടിപ്പിച്ച്‌ ഉപജീവനം മാര്‍ഗങ്ങളൊരുക്കിയുമാണു ഫാ. മാത്യു വടക്കേമുറി ശ്രദ്ധേയനായത്‌.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.30-ന്‌ കാളകെട്ടി സെന്റ്‌ മാര്‍ട്ടിന്‍ ഡി പോറസ്‌ കപ്പേളയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. രാവിലെ എട്ടുമുതല്‍ തിങ്കളാഴ്‌ച രാവിലെ ആറുവരെ പാറത്തോട്ടിലുള്ള മലനാട്‌ ഡെവലപ്‌മെന്റ്‌ സൊസൈറ്റി ആസ്‌ഥാനത്തും എട്ടുമുതല്‍ കൂവപ്പള്ളി സെന്റ്‌ ജോസഫ്‌ പാരീഷ്‌ ഹാളിലും പൊതുദര്‍ശനത്തിനു വയ്‌ക്കും.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒന്നിന്‌ കൂവപ്പള്ളിയിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ കൂവപ്പള്ളി സെന്റ്‌ ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. കൂവപ്പള്ളി വടക്കേമുറി പരേതരായ ജോസഫ്‌-മറിയം ദമ്പതികളുടെ മകനാണ്‌.

പ്രഫഷണല്‍ വിദ്യാഭ്യാസരംഗം: പുതിയ നിലപാടുകള്‍ ആവശ്യം - ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ (കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍)

ഒരു അക്കാദമിക വര്‍ഷം കൂടി ആരംഭിക്കുമ്പോള്‍ കേരളത്തില്‍ പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തിനു കൂടുതല്‍ വ്യക്തതയും കൃത്യതയും കൈവരുന്നുണ്‌ട്‌ എന്നു പൊതുവില്‍ ആശ്വസിക്കാം. പ്രവേശനപ്പരീക്ഷയുടെ റിസല്‍ട്ടു വരുന്നതിനു മുമ്പുതന്നെ പ്രവേശന പ്രക്രിയയെക്കുറിച്ച്‌ ഏതാണ്‌ടു ധാരണ ആയിക്കഴിഞ്ഞു. അതുകൊണ്‌ടുതന്നെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ത്തന്നെ പ്രവേശനം നേടാന്‍ ഇടയാകും.

സമയത്തിനുതന്നെ ക്ലാസുകള്‍ ആരംഭിക്കാനും ഗുണമേന്മയുള്ള വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ചെലവില്‍ നാട്ടില്‍ത്തന്നെ ലഭ്യമാക്കാനും കഴിയും എന്നതാണു മറ്റൊരു നേട്ടം. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്കു പ്ലേസ്‌മെന്റിനു സാധ്യത സൃഷ്‌ടിക്കാന്‍ കഴിയുന്ന വ്യാവസായിക രംഗങ്ങള്‍ നമ്മള്‍ക്കിവിടെ ഇല്ല എന്നതു വലിയ പോരായ്‌മ തന്നെയാണ്‌.

യുക്തിക്കും നീതിക്കും നിരക്കാത്ത നിലപാടുകള്‍ വേണോ?

സര്‍ക്കാരിന്റെ പ്രഫഷണല്‍ കോളജുകളില്‍ ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ നമ്മള്‍ നല്‌കുന്ന നികുതിപ്പണം കൊണ്‌ട്‌ സൗജന്യമായി പഠിക്കുന്നുണ്‌ട്‌. 6000 എന്‍ജിനിയിറിംഗ്‌ സീറ്റുകളും 800 മെഡിക്കല്‍ സീറ്റുകളും അങ്ങനെയുണ്‌ട്‌. അതിനുശേഷം വരുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ പഠനത്തിനായി കേരളത്തിനുപുറത്ത്‌ കോളജുകള്‍ തേടി പോകേണ്‌ടിവന്ന സാഹചര്യത്തിലാണു കേരളത്തിലും സ്വാശ്രയ കോളജുകള്‍ എന്ന ആശയം കടന്നുവരുന്നത്‌.

കഴിഞ്ഞ ഒന്നര പതിറ്റാണ്‌ടുകാലം എങ്ങനെയാണ്‌ ഈ സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ നടത്തേണ്‌ടതെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. പകുതിപ്പേരില്‍ നിന്ന്‌ ഇരട്ടി ഫീസ്‌ ഈടാക്കി മറ്റു വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന വിചിത്ര സൂത്രവാക്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നു. രണ്‌ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന യുക്തിരഹിതമായ സൂത്രവാക്യം ഏറെ പ്രചരിച്ചു. 1993-ലെ ഉണ്ണികൃഷ്‌ണന്‍ കേസിന്റെ വിധിയെ ആസ്‌പദമാക്കിയാണ്‌ ഇങ്ങനെ ഒരു നിലപാട്‌ ഉയര്‍ന്നുവന്നത്‌. 2001ല്‍ ഈ വിധി നീതിക്കും യുക്തിക്കും നിയമങ്ങള്‍ക്കും വിരുദ്ധമായിക്കണ്‌ട്‌ റദ്ദു ചെയ്‌ത്‌ ടി.എം.എ. പൈ കേസില്‍ സുപ്രീംകോടതി വിധി വന്നു. എന്നിട്ടും കാലഹരണപ്പെട്ട ഉണ്ണികൃഷ്‌ണന്‍ കേസിലെ വിധിയനുസരിച്ചുതന്നെ പ്രഫഷണല്‍ കോളജുകള്‍ നടത്താനായിരുന്നു സര്‍ക്കാരുകളുടെ ശ്രമം.

കീഴ്‌ക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച വ്യക്തിയെ സുപ്രീം കോടതി നിരപരാധിയായി തിരിച്ചറിഞ്ഞ്‌ വെറുതേ വിട്ടാലും കീഴ്‌ക്കോടതിയുടെ വിധി അനുസരിച്ച്‌ വധശിക്ഷ നല്‌കണമെന്നു വാശിപിടിക്കുന്നതുപോലുള്ള നിലപാടുകള്‍ സര്‍ക്കാരുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിയമങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്‌തു. കോടതിയുടെ ഇടപെടലുകളാണ്‌ ഇന്ത്യന്‍ ഭരണഘടനക്കും നീതിക്കും യുക്തിക്കും നിരക്കാത്ത ഈ നിയമങ്ങളിലെ വകുപ്പുകള്‍ റദ്ദു ചെയ്‌തത്‌. എങ്കിലും ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും തങ്ങളുടെ നിലപാടുകള്‍ കോളജുകളുടെമേല്‍ അടിച്ചേല്‌പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ചില മാധ്യമങ്ങള്‍ സാധൂകരിക്കാനാവാത്ത ഈ നിലപാടിനെ ഇപ്പോള്‍പോലും പിന്തുണയ്‌ക്കുന്നതു ഖേദകരമാണ്‌.

ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇന്റര്‍സേ മെരിറ്റനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പു നല്‌കി സൗജന്യപഠനം ഏര്‍പ്പെടുത്തിയും മെരിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന നിലപാടാണ്‌ കെസിബിസിയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനും സ്വീകരിച്ചത.്‌ നിയമങ്ങളുടെയും ഭരണഘടനയുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ യുക്തിഭദ്രവും നീതിപൂര്‍വവുമായ നിലപാടാണ്‌ അങ്ങനെ ക്രൈസ്‌തവ മാനേജുമെന്റുകള്‍ ഉയര്‍ത്തിപ്പിടിച്ചത്‌. കോടതികള്‍ അത്‌ അംഗീകരിക്കുകയും ചെയ്‌തു.

നീതിയും മെരിറ്റുമില്ലാത്ത നിലപാട്‌

ഇക്കാലയളവിലെല്ലാം 50% വിദ്യാര്‍ഥികള്‍ക്കു സൗജന്യവിദ്യാഭ്യാസം നല്‌കുന്നതിനായി മറ്റ്‌ 50% വിദ്യാര്‍ഥികള്‍ക്ക്‌ ഇരട്ടിഫീസ്‌ എന്നതാണു നീതിനിഷ്‌ഠമെന്ന അബദ്ധധാരണ പ്രചരിപ്പിക്കാനാണു മിക്കവരും ശ്രമിച്ചുകണ്‌ടത്‌. ഇങ്ങനെ 50% വിദ്യാര്‍ഥികളില്‍ നിന്ന്‌ ഇരട്ടിഫീസ്‌ വാങ്ങുന്നത്‌ അവരോടു ചെയ്യുന്ന അനീതിയാണെന്ന യാഥാര്‍ഥ്യം അവിടെ മറന്നു. ഈ സീറ്റുകളില്‍ ഇരട്ടിഫീസു നല്‌കാന്‍ കഴിയുന്നവരെ മാത്രം പ്രവേശിപ്പിക്കുമ്പോള്‍ അവിടെ മെരിറ്റ്‌ അട്ടിമറിക്കപ്പെടുമെന്ന യാഥാര്‍ഥ്യവും വിസ്‌മരിക്കപ്പെട്ടു. അങ്ങനെ വിദ്യാഭ്യാസ നിലവാരവും തകര്‍ന്നു. അങ്ങനെ സാമൂഹ്യനീതിയും മെരിറ്റും നല്ല പങ്കു സീറ്റിലും ഇല്ലാതായ സാഹചര്യമാണു സൃഷ്‌ടിക്കപ്പെട്ടത്‌.

ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു നികുതിപ്പണത്തില്‍ നിന്നു സൗജന്യ വിദ്യാഭ്യാസം നല്‌കുക, തുടര്‍ന്നുവരുന്നവര്‍ക്കു സ്വന്തം ചെലവില്‍ വിദ്യാഭ്യാസം നല്‌കുക, അങ്ങനെ സ്വന്തം ചെലവുവഹിക്കാന്‍ കഴിയാത്തവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌, ബാങ്ക്‌ ലോണ്‍ തുടങ്ങിയവ ലഭ്യമാക്കുക, ഗുണമേന്മയും തൊഴിലും ഉറപ്പുതരുന്ന വിദ്യാഭ്യാസം നല്‌കുക എന്നിവയാണ്‌ യഥാര്‍ഥത്തില്‍ നമ്മുടെ വികസനത്തിന്‌ ആവശ്യം. അതിനു വിരുദ്ധമായി രണ്‌ടു സ്വാശ്രയ കോളജുകള്‍ ചേര്‍ത്ത്‌ ഒരു സര്‍ക്കാര്‍ കോളജിനു തുല്യമാക്കാന്‍ ശ്രമിക്കുന്നതെല്ലാം പരാജയത്തിലേ കലാശിക്കൂ എന്നു കണ്‌ടറിയാന്‍ നമുക്കു കഴിയേണ്‌ടതുണ്‌ട്‌. ഇപ്പോള്‍പോലും പലര്‍ക്കും അതിനു കഴിയുന്നില്ല എന്നതു ദൗര്‍ഭാഗ്യകരമാണ്‌.

നിലപാടും ധാരണകളും

സര്‍ക്കാരുമായി ക്രൈസ്‌തവ സ്ഥാപനങ്ങള്‍ ധാരണയില്‍ എത്തുമ്പോള്‍ സാമൂഹ്യനീതിയും മെരിറ്റും ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുതന്നെയാണ്‌ ക്രൈസ്‌തവ സഭകള്‍ തുടരുന്നത്‌. സര്‍ക്കാരിന്റെ മെഡിക്കല്‍ കോളജുകളെക്കാള്‍ പലതിലും മികവു പുലര്‍ത്താന്‍ ക്രൈസ്‌തവ മാനേജ്‌മെന്റിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കു കഴിയുന്നു. ഈ വര്‍ഷം ബിഡിഎസിന്‌ ഏറ്റവും കൂടുതല്‍ വിജയശതമാനം പുഷ്‌പഗിരി മെഡിക്കല്‍ കോളജിനായിരുന്നു. കോട്ടയത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പിന്നിലാക്കി തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജും (94.95%) കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍ കോളജും (92%) എംബിബിഎസിന്‌ ഉന്നത വിജയം നേടിയതു ശ്രദ്ധേയമാണ്‌.

ബിഎസ്‌സി നഴ്‌സിംഗ്‌ പരീക്ഷയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ്‌ നഴ്‌സിംഗ്‌ കോളജിനേക്കാള്‍ മികച്ചവിജയം നേടിയതു തൃശൂര്‍ ജൂബിലി ആയിരുന്നു. റാങ്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ കോളജുകളെക്കാള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ ഈ കോളജുകള്‍ക്കു കഴിയുന്നതു വിദ്യാഭ്യാസരംഗത്തെ അര്‍പ്പണബോധം കൊണ്‌ടുമാത്രമാണ്‌.

സര്‍ക്കാരുമായുള്ള ധാരണ പ്രകാരം 50% സീറ്റുകളില്‍ സര്‍ക്കാര്‍ ആയിരിക്കും മെരിറ്റനുസരിച്ച്‌ വിദ്യാര്‍ഥികളെ നിര്‍ണയിക്കുന്നത്‌. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ പ്രവേശിപ്പിക്കുന്ന അമ്പതു സീറ്റില്‍ പതിനഞ്ചും എന്‍ജിനിയറിംഗ്‌ കോളജില്‍ പത്തും കമ്യൂണിറ്റിയില്‍ നിന്നായിരിക്കും പ്രവേശിപ്പിക്കുക. എല്ലാവര്‍ക്കും ന്യായമായ ഒരേ ഫീസ്‌ ഏര്‍പ്പെടുത്തി. പാവപ്പെട്ടവര്‍ക്കു സ്‌കോളര്‍ഷിപ്പു നല്‌കി സൗജന്യ പഠനത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈടാക്കുന്ന ഫീസ്‌ നിരക്കില്‍ മെഡിക്കല്‍ കോളജില്‍ 25,000 രൂപയും എന്‍ജിനിയറിംഗ്‌ കോളജില്‍ 5000 രൂപയും വര്‍ധിപ്പിച്ചിട്ടുണ്‌ട്‌. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ കോളജുകളില്‍ ഒരു ബാച്ചില്‍ 40 ലക്ഷം രൂപയും എന്‍ജിനിയറിംഗ്‌ കോളജുകളില്‍ 60 പേരുടെ ബാച്ചിനു മൂന്നു ലക്ഷം രൂപയും പാവപ്പെട്ടവര്‍ക്കു സ്‌കോളര്‍ഷിപ്പും നല്‌കും. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശം ത്യജിക്കാതെ തന്നെയാണ്‌ ഈ ക്രമീകരണം. സ്വന്തം സമൂഹത്തില്‍ നിന്നു പരമാവധി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ എക്കാലത്തും ചെയ്യുന്നതുപോലെ പരമാവധി മറ്റു വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന നിലപാടാണ്‌ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കുള്ളത്‌.

സ്‌കോളര്‍ഷിപ്പ്‌ ആവശ്യമായി വരുന്ന വിദ്യാര്‍ഥികള്‍ പഠനശേഷം ഒരു നിശ്ചിതകാലം തങ്ങളെ പഠിപ്പിച്ച സമൂഹത്തിനോ പൊതുസമൂഹത്തിനോ സൗജന്യ നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ തയാറാകുമെങ്കില്‍ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‌കാന്‍ കഴിയും. സര്‍ക്കാരും സ്വകാര്യ ആശുപത്രികളും അങ്ങനെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്‌ നല്‌കാന്‍ മുന്നോട്ടുവരുക തന്നെ ചെയ്യും. പലരും അതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്‌ട്‌. എന്‍ജിനിയിറിംഗ്‌ സ്ഥാപനങ്ങളും അതിനു തയാറാകുന്നുണ്‌ട്‌.

ഗുണമേന്മയുള്ള പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു മാത്രമേ ഇന്നു സാംഗത്യമുള്ളൂ. ഗുണനിലവാരം ഉയര്‍ത്തുന്നതിനു തീര്‍ച്ചയായും ചെലവു കൂടുതല്‍ വരും. പക്ഷേ, പ്ലേസ്‌മെന്റ്‌ ലഭിക്കുന്നതിനു ഗുണനിലവാരമാണ്‌ അടിസ്ഥാനം എന്നതുകൊണ്‌ടുതന്നെ അതില്‍ നീക്കുപോക്കുകള്‍ക്കു സാധ്യതയില്ല. അതുകൊണ്‌ട്‌ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള സാധ്യത ഉണ്‌ടാകുകയും എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ ശ്രമിക്കുകയും വേണം.

യഥാര്‍ഥ മെരിറ്റും സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച്‌, ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‌കി സാമൂഹ്യവളര്‍ച്ചക്കും വികസനത്തിനും വേണ്‌ടി എല്ലാവരും നിലപാടെടുത്താല്‍ മാത്രമേ നമ്മുടെ നാട്ടിലും നന്മകള്‍ സംജാതമാകൂ.