Saturday 4 June 2011

ഒഴിവുള്ള ഭദ്രാസനങ്ങള്‍ക്ക്‌ മെത്രാന്മാരെ വാഴിക്കാന്‍ ശിപാര്‍ശ

കൊച്ചി: ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു മെത്രാപ്പോലീത്തമാരെ വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ്‌ കമ്മിറ്റിയോഗം സുന്നഹദോസിനു ശിപാര്‍ശ ചെയ്‌തു.

യാക്കോബായ സഭയുടെ നിരണം ഭദ്രാസനം പരുമലയില്‍ വാങ്ങിയിട്ടുള്ള സ്‌ഥലത്ത്‌ പരി. ഗീവര്‍ഗീസ്‌ മോര്‍ ഗ്രീഗോറിയോസിന്റെ നാമത്തില്‍ അഗതികളും നിരാലംബരുമായവരെ സംരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.

സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കാനും വ്യക്‌തികള്‍ക്കും പ്രസ്‌ഥാനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും സംരംഭത്തില്‍ പങ്കാളിത്തം നല്‍കാനും യോഗം തീരുമാനിച്ചു.

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

Friday 3 June 2011

പ്രതീക്ഷയുടെ പുതിയ വിദ്യാലയവര്‍ഷം

ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

മണ്‍സൂണ്‍ മഴക്കാറിനും മഴക്കോളിനുമൊപ്പം വിദ്യാലയവര്‍ഷാരംഭത്തോടെ വിദ്യാഭ്യാസമേഖല എന്ന പ്രശ്‌നകലുഷിത അവസ്ഥയിലേക്കും കേരളം പ്രവേശിക്കുകയായി. ശാന്തമായ പഠന-വിദ്യാലയ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു കഴിയാതെപോകുന്നതിന്റെ കാരണങ്ങള്‍ നാം വിശകലനവിധേയമാക്കേണ്‌ടതാണ്‌. മഹാത്മാഗാന്ധി 1937-ല്‍ എഴുതിയ നിരീക്ഷണം കേരളത്തെ സംബന്ധിച്ചു ചില അപ്രിയസത്യങ്ങള്‍ ഇന്നും നമ്മെ ഓര്‍മപ്പെടുത്തും. ഗാന്ധിജി എഴുതി: ``തിരുവിതാംകൂറിലും മദ്രാസിലുമുണ്‌ടായ എന്റെ അടുത്തകാലത്തെ പര്യടനത്തിനിടയില്‍ എനിക്ക്‌ അറിയാന്‍ കഴിഞ്ഞു, ഞാനുമായി ഇടപെടാന്‍ ഇടയായ മിക്ക വിദ്യാര്‍ഥികളും ബുദ്ധിജീവികളും ബുദ്ധിവികാസത്തിന്റെയല്ല, ബുദ്ധിയുടെ ദുര്‍വ്യയത്തിന്റെ ഉദാഹരണങ്ങളാണ്‌ എന്ന്‌.''

നമ്മുടെ വിദ്യാഭ്യാസമേഖലയിലെ സമസ്‌തപ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം മഹാത്മാവ്‌ ഇവിടെ കാണിച്ചുതരുന്നു - ബുദ്ധിയുടെ ദുര്‍വ്യയം. പാഠപുസ്‌തകങ്ങള്‍ രചിക്കുന്നിടത്തും തെരഞ്ഞെടുക്കുന്നിടത്തും പാഠ്യപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നിടത്തും ബുദ്ധിയുടെ ദുര്‍വ്യയം ദൃശ്യമാണ്‌. വിദ്യാര്‍ഥികളെ ബൗദ്ധികശിക്ഷണത്തില്‍ വളര്‍ത്തി സമൂഹത്തിനു പ്രയോജനമുള്ളവരാക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ വക്രബുദ്ധിയോടെ ചിന്തിക്കുന്നവരും മനസിനെ വഴിതെറ്റിക്കുന്നവരുമാണെങ്കില്‍, പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവേണ്‌ട സര്‍വകലാശാലകളും വിദ്യാഭ്യാസമേഖല മുഴുവനും പ്രശ്‌നകലുഷിതമാകും. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ്‌ മാഡിസണ്‍ പറയുമായിരുന്നു, അറിവ്‌ സ്വതന്ത്രമായി പ്രസരിപ്പിക്കുന്നതാണു യഥാര്‍ഥ സ്വാതന്ത്ര്യത്തിനുള്ള വഴിയെന്ന്‌. കേരളത്തില്‍ അറിവിന്റെ മേഖലയ്‌ക്കു സ്വയം പ്രവര്‍ത്തിക്കാനും പ്രസരിക്കാനും വളരാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. സര്‍ക്കാരുകള്‍ ഏറ്റവുമധികം ക്രൂശിക്കുന്നതു വിദ്യാഭ്യാസമേഖലയെ ആണ്‌. വിദ്യാര്‍ഥികളെ ഭാവിയിലെ വോട്ടര്‍മാരും ഇന്നത്തെ സമരനിരകളില്‍ സംഖ്യാബലം വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധികളുമായി കാണുന്നവര്‍ അറിവിന്റെ ശത്രുക്കളും നെറികേടിന്റെ വഴിയേ സഞ്ചരിക്കുന്നവരുമാണ്‌.

രാഷ്‌ട്രക്ഷേമത്തിനുവേണ്‌ടി രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നവരാണ്‌ ഇന്നു നാടിനാവശ്യം. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുവേണ്‌ടിയും സ്വന്തം സ്ഥാപിതതാല്‌പര്യങ്ങള്‍ക്കുവേണ്‌ടിയും പൊതുരംഗത്തു വരുന്നവര്‍ ജനപക്ഷത്തും ധര്‍മപക്ഷത്തും നില്‌ക്കാന്‍ കെല്‌പു കാണിക്കുകയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനമുറപ്പിക്കണം, മത്സരരംഗത്തുണ്‌ടാവണം എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ കപടരാഷ്‌ട്രീയതന്ത്രങ്ങള്‍ മെനയാതിരിക്കില്ല. മഹത്തുക്കളായ രാഷ്‌ട്രതന്ത്രജ്ഞര്‍ നാട്ടില്‍ ഉണ്‌ടാകുമ്പോഴേ നാടിന്റെ വിദ്യാധനവും വര്‍ധിക്കൂ. മഹാത്മാഗാന്ധിയും ഡോ. രാധാകൃഷ്‌ണനും ജവഹര്‍ലാല്‍ നെഹ്‌റുവുമൊക്കെ ഇക്കാര്യത്തില്‍ എത്ര ശ്രേഷ്‌ഠമാതൃകകളാണ്‌!

സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശമ്പളം നല്‌കുന്നതു സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാകയാല്‍ വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണനിയന്ത്രണം തങ്ങള്‍ക്കുവേണമെന്നു സര്‍ക്കാരുകള്‍ ശഠിക്കുന്നതു പാപ്പരത്തമാണ്‌. ഭരണം നടത്തുന്നവര്‍ നല്‌കുന്ന ആനുകൂല്യമല്ല നാട്ടിലെ വിദ്യാലയങ്ങളും ആശുപത്രികളും റോഡുകളും. അതു പൊതുജനങ്ങളുടെ പണമാണ്‌. ആ പണം ഉപയോഗിച്ചാണു ജനസേവകര്‍ ആഡംബരജീവിതം നയിക്കുന്നതും നാടുചുറ്റുന്നതും സ്വന്തം സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതുമെന്ന വസ്‌തുത അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. കലാലയങ്ങളുടെ സ്വയംഭരണാവകാശം, ആനുകൂല്യങ്ങള്‍ കൈയടക്കാനുള്ള ഉപാധിയല്ല, പഠനമികവ്‌ ഉറപ്പുവരുത്താനുള്ള അവശ്യവ്യവസ്ഥയാണ്‌.

പൊതുമേഖലയും സ്വകാര്യമേഖലയും പരസ്‌പരപൂരകങ്ങളായി, ആരോഗ്യകരമായ മത്സരബുദ്ധിയോടെ സഹകരിച്ചുപ്രവര്‍ത്തിക്കണം. അപ്പോള്‍ കലാലയങ്ങള്‍ ഇളംമനസുകള്‍ക്കു സ്വതന്ത്രമായി, ബുദ്ധിയുടെയും മനസിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയും ചിറകുകള്‍ വിടര്‍ത്തി പറക്കാനുള്ള വേദിയാകും. സര്‍ക്കാര്‍ ചെയ്യേണ്‌ടതു ദര്‍ശനമികവും കാര്യക്ഷമതയും അച്ചടക്കവും പഠനനിലവാരവുമുള്ള നല്ല കലാലയങ്ങള്‍ നടത്തി പൊതുസമൂഹത്തിനു മാതൃക നല്‌കുകയാണ്‌. അല്ലാതെ നിയന്ത്രണങ്ങള്‍ അടിച്ചേല്‌പിച്ചു സ്ഥാപനങ്ങളെ ശരാശരിക്കു താഴേക്കു വലിച്ചിടുകയല്ല വേണ്‌ടത്‌. ഗുരുക്കന്മാരുടെ നിലവാരത്തിനപ്പുറത്തേക്കു സമൂഹം വളരില്ല. അതിനാല്‍ ഗുരുക്കന്മാരുടെ നിലവാരം സദാ ഉയര്‍ത്തുന്നതിനുള്ള ക്രിയാത്മകവും ഭാവാത്മകവുമായ കാര്യങ്ങള്‍ സര്‍ക്കാരുകള്‍ നിര്‍വഹിക്കണം.

കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തമസിലാക്കുന്ന ഒന്നാണു പാഠപുസ്‌തകവിവാദങ്ങള്‍. കലാലയങ്ങളില്‍ സംഭവിക്കേണ്‌ടതു സത്യാന്വേഷണമാണ്‌. തമസ്‌കരണമല്ല. ചരിത്രസത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌തും അവസരവാദപരമായി വളച്ചൊടിച്ചും വിദ്യാര്‍ഥികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌ അധര്‍മമാണ്‌. ആശയസംവാദങ്ങള്‍ക്കു തുറന്നിട്ട അനേകം വേദികള്‍ ഉണ്‌ടായിരിക്കേണ്‌ട ഇളംമനസുകള്‍ക്കു പരിശീലനം നല്‌കേണ്‌ട പാഠപുസ്‌തകങ്ങളില്‍ വിവാദ പരാമര്‍ശങ്ങളും സത്യവിരുദ്ധവീക്ഷണങ്ങളും നിറയ്‌ക്കുന്നതു കപടരാഷ്‌ട്രീയവും ആത്മവഞ്ചനയും മാനവസംസ്‌കാരത്തോടുള്ള വെല്ലുവിളിയുമാണ്‌. ഇരുപതാംനൂറ്റാണ്‌ടില്‍ മാത്രം രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ എത്രയോകോടി നിരപരാധികളെ നിര്‍ദയമായി കൊലചെയ്‌തു. നരഹത്യക്കു നേതൃത്വം നല്‌കിയ വ്യക്തികളെ ആദര്‍ശപുരുഷന്മാരായി പൂവിട്ടു പൂജിക്കുന്നവര്‍ സംസ്‌കാരത്തിന്റെ കാവല്‍ഭടന്മാരാകുന്നത്‌ എങ്ങനെ? ആത്മവിമര്‍ശനം നടത്താന്‍ ധൈര്യമുള്ളവര്‍ ഒരിക്കലും മറ്റുള്ളവരെ കുറ്റവാളികളാക്കുന്ന കപടഭാഷണങ്ങള്‍ നടത്തുകയില്ല.

ചിന്തയില്‍ ശ്രേഷ്‌ഠവും കര്‍മത്തില്‍ ഉത്‌കൃഷ്‌ടവും എഴുത്തില്‍ മികവുറ്റതുമാണ്‌ പാഠപുസ്‌തകങ്ങളിലൂടെ ഇളംമനസുകളില്‍ എത്തേണ്‌ടത്‌. ഇതിനുള്ള സാധ്യതകള്‍ ഇന്ന്‌ അനന്തമാണ്‌. പക്ഷേ, പലപ്പോഴും നേരേമറിച്ചാണു സംഭവിക്കുന്നത്‌. വിവാദ പാഠഭാഗങ്ങളിലൂടെ, അത്‌ അടിച്ചേല്‌പിക്കുന്നവര്‍ ഉപദേശിക്കുന്നതു സമാധാനമാവില്ല. വിവാദങ്ങള്‍ സൃഷ്‌ടിക്കുക, സാമൂഹ്യജീവിതത്തിന്റെ ഭദ്രത തകര്‍ക്കുക, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ സൃഷ്‌ടിക്കുക, അതിനിടയില്‍ പൊതുജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ കാര്യങ്ങള്‍ നടക്കുന്നതു തടയുക, അങ്ങനെ ചരിത്രത്തെ പിന്നോട്ടു നയിക്കുക, ആത്യന്തികമായി സാമ്പത്തികദാരിദ്ര്യവും ബൗദ്ധിക അടിമത്തവും നിലനിര്‍ത്തുക തുടങ്ങിയവയാണ്‌ അവരുടെ ലക്ഷ്യം. ഈ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നവര്‍ക്ക്‌ ഈ അവിവേകം കണ്‌ട്‌ മൗനമായിരിക്കാന്‍ കഴിയുകയില്ല. പുതിയ അധ്യയനവര്‍ഷവും വിവാദ പാഠഭാഗങ്ങളുമായി വിദ്യാഭ്യാസവകുപ്പ്‌ രംഗത്തുവന്നിരിക്കുന്നു എന്നതു ശോചനീയമാണ്‌.

സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലരുടെയും ദൃഷ്‌ടിയില്‍ കരടുകളാണ്‌. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എന്താണു സ്വകാര്യമായി ഉള്ളത്‌? ആരുടെ സ്വകാര്യസ്വത്താണവ? വളരെ തെറ്റിദ്ധാരണകള്‍ ജനിപ്പിക്കുന്ന പദമാണു ``സ്വകാര്യം'' എന്നത്‌. വാസ്‌തവത്തില്‍ ഈ സ്ഥാപനങ്ങളൊന്നും സ്വകാര്യങ്ങളല്ല, പൊതുവാണ്‌. ഏതെങ്കിലും സ്വകാര്യവ്യക്തിയുടെ താല്‌പര്യസംരക്ഷണമോ, ധനസമ്പാദനമോ, പ്രശസ്‌തിയോ കത്തോലിക്കാവിദ്യാലയങ്ങളുടെ നിയോഗമല്ല. മതപരിവര്‍ത്തന ഉപാധികളായി അവ ഒരിക്കലും വര്‍ത്തിക്കുന്നുമില്ല. ഏതു മാനുഷികപ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കുന്ന പരിമിതികളും മാനുഷികപിഴവുകളും ഇവയ്‌ക്കും സംഭവിക്കാമെന്നു മാത്രം.

തിരുത്തപ്പെടേണ്‌ടതായുള്ള യാതൊന്നിനെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ന്യായീകരിക്കുകയില്ല. ചിലരുടെ പ്രസ്‌താവനകളും പ്രതികരണങ്ങളും കാണുമ്പോള്‍, കേരളത്തിനപ്പുറത്തേക്കു ദൃഷ്‌ടികള്‍ ഓടിക്കാന്‍പോലുമുള്ള ഹൃദയവിശാലത അവര്‍ക്കില്ലല്ലോ എന്നു തോന്നും. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു, കേരളംമാത്രം വളരാന്‍ പാടില്ല! കേരളത്തിലെ വിദ്യാര്‍ഥികളെയും ലോകനിലവാരത്തിലേക്ക്‌ എല്ലാവിധത്തിലും വളര്‍ത്തുകയാണു കത്തോലിക്കാവിദ്യാലയങ്ങളുടെ ലക്ഷ്യം. കാലത്തിനുമുമ്പേ സഞ്ചരിക്കുന്നവരെ മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിവില്ലാത്തവര്‍, കാലപ്രവാഹത്തില്‍ കാലഹരണപ്പെട്ടവരായി പിന്തള്ളപ്പെടും.

ഏറ്റവും സൗഖ്യം നല്‌കുന്ന ഔഷധവും അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ മാരകവിഷമാകുമെന്നു ജോണ്‍ ക്വിന്‍സി ആഡംസ്‌ പറഞ്ഞു. വിദ്യാഭ്യാസം ദിവ്യഔഷധമാണ്‌. എത്ര അശ്രദ്ധയോടെയും ലാഘവ ബുദ്ധിയോടെയുമാണ്‌ ഈ ദിവ്യ ഔഷധം ഇന്നു കൈകാര്യം ചെയ്യപ്പെടുന്നത്‌! അതിനാല്‍ വിദ്യാസമ്പന്നരെന്നു വിശേഷിപ്പിക്കുന്നവരുടെ ഇടയിലും സംസ്‌കാരസമ്പന്നരുടെ എണ്ണം വിരളമായിവരുന്നു. ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങി പഠനത്തിനെത്തുന്ന മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ ഇടയിലാണല്ലോ ഏറ്റവും ലജ്ജാവഹമായ റാഗിംഗ്‌ അരങ്ങേറുന്നത്‌. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭ്യാസം എന്ന ഔഷധത്തെ അതീവ ശ്രദ്ധയോടെ കൈമാറുന്നതു കുറ്റകരമായിക്കാണുന്നതു വിരോധാഭാസമാണ്‌. പഠനത്തെ ഗൗരവമായിക്കാണുന്നവര്‍ക്കും പഠനം ആജീവനാന്തപ്രക്രിയയായി വീക്ഷിക്കുന്നവര്‍ക്കും, മനസുള്ളവര്‍ പഠിക്കട്ടെ, ഭാഗ്യമുള്ളവര്‍ വിജയിക്കട്ടെ, ഇതു രണ്‌ടുമില്ലാത്തവര്‍ മോഡറേഷനിലൂടെ വിജയിക്കട്ടെ എന്നൊന്നും ചിന്തിക്കാനാവില്ല.

മത്സരരംഗങ്ങളില്‍ ഒരിടത്തുമില്ലാത്ത ഔദാര്യവും അയഞ്ഞ മനോഭാവവുമാണു വിദ്യാഭ്യാസരംഗത്തു ചിലര്‍ പുലര്‍ത്തുന്നത്‌. അജ്ഞതയുടെ ഇരുട്ടില്‍ക്കഴിയുന്നവനു വിജ്ഞാനി എന്നു സര്‍ട്ടിഫിക്കറ്റു നല്‌കുന്നത്‌ ആദരവാണോ? ഫുട്‌ബോള്‍മത്സരത്തില്‍ തോറ്റ ടീമിനെ മോഡറേഷന്‍ നല്‍കി ജയിപ്പിക്കുന്നത്‌ അപഹാസ്യമല്ലേ? സ്വകാര്യമെന്നു പറയുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കത്തോലിക്കര്‍ നടത്തുമ്പോള്‍ ആരുടെയും ഇവ്വിധ സ്വകാര്യതാല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല. അര്‍ഹിക്കാത്തവര്‍ക്കു മാര്‍ക്കു നല്‌കി വിജയശതമാനം വര്‍ധിപ്പിക്കുന്നതു നന്മയല്ല, നിലവാരത്തകര്‍ച്ചയാണ്‌. പുതിയ അധ്യയനവര്‍ഷം, പഠിക്കുന്നവര്‍ക്കു വിജയവും പഠിപ്പിക്കുന്നവര്‍ക്കു അംഗീകാരവും നല്‍കുന്ന ഒന്നായിരിക്കട്ടെ.

എല്ലാ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ സാമ്പത്തികപ്രശ്‌നങ്ങളുടെ വേരോട്ടമുണ്‌ട്‌. മഹാത്മാഗാന്ധി എഴുതി: ``സാക്ഷാല്‍ ധര്‍മശാസ്‌ത്രമെല്ലാം നല്ല ധനശാസ്‌ത്രവുംകൂടി ആയിരിക്കണമെന്നതുപോലെതന്നെ സമ്പദ്‌വ്യവസ്ഥ ഒരിക്കലും അത്യുന്നതമായ ധാര്‍മികമാനദണ്‌ഡത്തിന്‌ എതിരായിരിക്കുകയുമില്ല.'' കത്തോലിക്കാദര്‍ശനത്തില്‍ എല്ലാ സാമ്പത്തികപ്രശ്‌നങ്ങളും ആത്മീയപ്രശ്‌നങ്ങള്‍കൂടിയാണ്‌. തെറ്റായ മാര്‍ഗത്തിലൂടെ സമാഹരിക്കുന്നതും സാമൂഹ്യപ്രതിബദ്ധതയില്ലാതെ ചെലവിടുന്നതും, സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്നതും അധാര്‍മികതയാണ്‌. ആത്മീയതയുടെ സംശുദ്ധമായ അന്തരീക്ഷത്തില്‍, ആത്മാവിന്റെ പ്രചോദനങ്ങള്‍ക്കനുസരിച്ച്‌, എതിരാളികളില്‍ ആര്‍ക്കും വിമര്‍ശിക്കാന്‍ ഇടനല്‌കാത്തവിധം സംശുദ്ധമായിരിക്കണം നമ്മുടെ പ്രവര്‍ത്തനശൈലിയും ജീവിതവും.

ഇതിനു കലാലയരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ജീവിതങ്ങള്‍ രണ്‌ടുദിശകളിലേക്ക്‌ ഒരുപോലെ തുറവിയുള്ളതായിരിക്കണം- ക്രിസ്‌തുവിന്റെ സുവിശേഷത്തോടും ഒപ്പം ലോകത്തിന്റെ ആവശ്യങ്ങളോടും. വിമര്‍ശനങ്ങളിലൂടെ സ്വയം തിരുത്തുന്നതിനും സുവിശേഷശക്തി സ്വീകരിച്ചു ബലം ആര്‍ജിക്കുന്നതിനും ഇതു സഹായിക്കും. സമ്പത്തിനെ ആരാധിക്കുന്ന ലോകം സാമ്പത്തിക ഇടപാടുകളിലെല്ലാം ധനലാഭമാണു പ്രധാനമെന്നു ചിന്തിക്കുക സ്വാഭാവികമാണ്‌. കത്തോലിക്കാസ്ഥാപനങ്ങളില്‍ ഒരിക്കലും ധനം യജമാനനല്ല, കാര്യപ്രാപ്‌തിയുള്ള ദാസന്‍ മാത്രം. ഇതിനപ്പുറവും ഇപ്പുറവും ക്രിസ്‌തീയതയല്ല.

നൂറുമേനി വിളഞ്ഞ സ്‌കൂളുകളെപ്പറ്റി എല്ലാവര്‍ക്കും അഭിമാനമാണ്‌. ബൗദ്ധികരംഗത്തുമാത്രം പോരാ നൂറുമേനി. സമഗ്രവ്യക്തിത്വവികസനം നമ്മുടെ ലക്ഷ്യമാവണം. രാഷ്‌ട്രപിതാവിന്റെ വാക്കുകള്‍ നമുക്കു വഴികാട്ടിയാണ്‌. ``വിദ്യാര്‍ഥികള്‍ക്ക്‌ കര്‍മൗല്‍സുക്യം വേണം. അവര്‍ വെറും അനുകര്‍ത്താക്കളാകുന്നതു നിര്‍ത്തണം. സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതേസമയം തികച്ചും അച്ചടക്കത്തോടും അനുസരണത്തോടും കൂടിയവരാകുവാനും അവര്‍ പഠിക്കണം.'' കലാലയങ്ങളുടെ ശാന്തിയും ഭദ്രതയും നശിപ്പിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ നാടിനു നന്മചെയ്യില്ല.

കലാലയങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ കൂടി പാഠശാലകളാണ്‌. തരഭേദങ്ങളില്ലാതെ ഒരേ ബഞ്ചിലിരുന്നു പഠിക്കുന്ന സമ്പന്നനും ദരിദ്രനും, സമര്‍ഥനും ശരാശരിക്കാരനും, കൃഷ്‌ണഭക്തനും യേശുഅനുയായിയും കലാലയങ്ങള്‍ക്കു പുറത്തേക്കു വരുമ്പോള്‍ ചേരിതിരിഞ്ഞു പോര്‍വിളിക്കുന്നത്‌ എന്തുകൊണ്‌ട്‌? പരിശീലനരംഗത്തെ ശിക്ഷണരാഹിത്യമാണ്‌ പ്രധാനകാരണം. അക്ഷരങ്ങളെ സ്‌നേഹിക്കാനും പുസ്‌തകങ്ങളെ മാനിക്കാനും ഉദാത്ത ചിന്തകള്‍കൊണ്‌ടു മനസിനെ നിറയ്‌ക്കാനും ഹൃദയവിശാലതയുടെ അതിര്‍വരമ്പുകള്‍ അനുദിനം വികസിതമാക്കാനും പുതിയ അധ്യയനവര്‍ഷം സഹായകമാകട്ടെ.

Thursday 2 June 2011

പ്രേഷിതാഭിമുഖ്യം ശക്തമാക്കണം-മേജര്‍ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: സഭയുടെ എല്ലാ തലങ്ങളിലും പ്രേഷിതാഭിമുഖ്യം സജീവമാക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ മിഷന്‍ വര്‍ഷാചരണം ഫലപ്രദമായി നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷാചരണത്തിന് ഒരുക്കമായി വിവിധ രൂപതാ സന്ന്യാസ സഭാ പ്രതിനിധികളുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

ഈ വര്‍ഷം ആഗസ്ത് 15 മുതല്‍ 2012 ആഗസ്ത് വരെയാണ് സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ആചരിക്കുന്നത്. സമ്മേളനത്തില്‍ മിഷന്‍ വര്‍ഷാചരണ സംഘാടക സമിതിയുടെ സെക്രട്ടറി ഫാ. ജോസഫ് ചെറിയമ്പനാട്ട് വിവിധ സമിതികളുടെ ഉത്തരവാദിത്വങ്ങളും പ്രഖ്യാപിത പരിപാടികളും വിശദീകരിച്ചു. കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, ഫാ. ജോര്‍ജ് താഞ്ചന്‍, ഫാ. കുര്യന്‍ കൊച്ചേത്തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday 31 May 2011

കേരളത്തിലെ ലത്തീന്‍ സഭാ മേലധ്യക്ഷന്മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കൊച്ചി: കേരളത്തിലെ ലത്തീന്‍ സഭാ മേലധ്യക്ഷന്മാര്‍ `ആദ്‌ലീമിന'സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

ഓരോ മെത്രാനെയും വ്യക്തിപരമായി കണ്‌ടു രൂപതാഭരണത്തെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ പരിശുദ്ധ പിതാവ്‌ മേയ്‌ 30നു രാവിലെ പത്തിനു വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ മെത്രാന്മാരെ പൊതുവായി അഭിസംബോധന ചെയ്‌തു പ്രസംഗിച്ചു.

വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, തിരുവനന്തപുരം ആര്‍ച്ച്‌ബിഷപ്‌ ഡോ. സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സന്റ്‌ സാമുവല്‍, കോട്ടപ്പുറം ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി, ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കണ്ണൂര്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലക്കല്‍, പുനലൂര്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോഴിക്കോട്‌ രൂപത അഡ്‌മിനിസ്‌ട്രേറ്റര്‍ മോണ്‍. വിന്‍സെന്റ്‌ അറയ്‌ക്കല്‍ എന്നിവര്‍ ആദ്‌ ലീമിന സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും കല്ലറകള്‍ സന്ദര്‍ശിച്ചു ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിച്ചു.

വത്തിക്കാന്‍ കാര്യാലയത്തിലെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച മെത്രാന്മാര്‍ കേരളത്തിലെ ല ത്തീന്‍ സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളും സഭ നേരിടുന്ന പ്രശ്‌നങ്ങളും വകുപ്പു മേധാവികളായ കര്‍ദിനാള്‍മാരുമായി ചര്‍ച്ച ചെയ്‌തു.

വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും കല്ലറകള്‍ സ്ഥിതിചെയ്യുന്ന മഹാദേവാലയങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാനും പരിശുദ്ധ സിംഹാസനത്തിനു റിപ്പോര്‍ട്ടു നല്‌കാനും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര്‍ നിത്യനഗര ത്തിലേക്കു നടത്തുന്ന കാനോനിക തീര്‍ഥാടനമാണ്‌ `ആദ്‌ലീമിനഅപ്പോ സ്‌തലോരും' സന്ദര്‍ശനം.

അഖില കേരള പ്രഫഷണല്‍ നാടക മത്സരം

കൊച്ചി: കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ സാമൂഹിക സമ്പര്‍ക്ക മാധ്യമ കമ്മീഷന്‍ നടത്തുന്ന അഖില കേരള പ്രഫഷണല്‍ നാടക മത്സരം സെപ്‌റ്റംബര്‍ 18 മുതല്‍ 30 വരെ എറണാകുളം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും.

ഒന്നാം സ്ഥാനം ലഭിക്കുന്ന എ ഗ്രേഡ്‌ നാടകത്തിനു കാഷ്‌ അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‌കും.

എ ഗ്രേഡ്‌ ലഭിക്കുന്ന നാടകങ്ങള്‍ക്ക്‌ അര്‍ഹമായ പ്രചാരണം വിവിധ മാധ്യമങ്ങളിലൂടെ നല്‌കും. മികച്ച നടന്‍, നടി, രചയിതാവ്‌, സംവിധായകന്‍, സംഗീത സംവിധായകന്‍, സഹനടന്‍, സഹനടി എന്നിവര്‍ക്കു കാഷ്‌ അവാര്‍ഡും ശില്‌പവും സര്‍ട്ടിഫിക്കറ്റും നല്‌കും. അവതരണ ചെലവിനായി മേളയില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ക്കു 3,000 രൂപയും യാത്രാപ്പടിയായി കിലോമീറ്ററിന്‌ ഏഴു രൂപ നിരക്കിലുള്ള തുകയോ 2,500 രൂപയോ ഏതാണോ കുറവ്‌ അതും നല്‌കും.

100 രൂപ രജിസ്‌ട്രേഷന്‍ ഫീസ്‌ നല്‌കി നാടകത്തിന്റെ സ്‌ക്രിപ്‌റ്റിന്റെ ഡിടിപി ചെയ്‌ത മൂന്നു കോപ്പികള്‍ ഓഗസ്റ്റ്‌ പത്തിനു മുമ്പ്‌ സെക്രട്ടറി, മീഡിയ കമ്മീഷന്‍, പിബി നമ്പര്‍ 2251, പിഒസി, പാലാരിവട്ടം, കൊച്ചി-25 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍- 0484- 2806227, 9142361156.

വറീച്ചന്‍ മോഹിച്ചു, വൈദികനാകണം...‍

വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. ഒരു ദിവസം ചങ്ങനാശേരി പാറേല്‍പ്പള്ളി മൈനര്‍ സെമിനാരിയിലെത്തി ഒരു പയ്യന്‍ പറഞ്ഞു: ''എനിക്കു വൈദികനാകണം''.

കൃശഗാത്രനായ പയ്യന്റെ ആവശ്യംകേട്ടു സെമിനാരിയിലെ വൈദികര്‍ മുഖാമുഖം നോക്കി. ഒടുവില്‍ അവരിലൊരാള്‍ ചോദിച്ചു: ''നീ ഏതു ക്ലാസിലാ പഠിക്കുന്നത്‌''. പ്രതീക്ഷയോടെ പയ്യന്‍ മറുപടി നല്‍കി: ''പത്തില്‍''.

അതുകേട്ടു വൈദികന്‍ പറഞ്ഞു: ''നീ ഒരു കാര്യം ചെയ്യ്‌, പ്രീഡിഗ്രി കഴിഞ്ഞു വരൂ, സെമിനാരിയില്‍ ചേര്‍ക്കാം''.

വൈദികനാകണമെന്ന ആഗ്രഹം ഒട്ടും ഉറച്ചതായിരിക്കില്ലെന്നു കരുതിയാണു വൈദികര്‍ ആ പത്താം ക്ലാസുകാരനെ പറഞ്ഞുവിട്ടത്‌. അഥവാ വൈദികനാകാന്‍തന്നെയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ അവിടേക്കു വീണ്ടും വരാതിരിക്കില്ലെന്നും അവര്‍ കണക്കുകൂട്ടി.

അന്നു സെമിനാരിയില്‍നിന്നു പറഞ്ഞുവിട്ട പയ്യനാണ്‌ ഇന്നലെ സീറോ മലബാര്‍സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സെമിനാരിയിലെ വൈദികരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു പയ്യന്‍ വീണ്ടും സെമിനാരിയിലെത്തി, വൈദിക വിദ്യാര്‍ഥിയായി. ചങ്ങനാശേരി തുരുത്തി ആലഞ്ചേരി പീലിപ്പോസ്‌-മേരി ദമ്പതികളുടെ പതിനൊന്നുമക്കളില്‍ ആറാമനായ ജോര്‍ജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വൈദികനാകണമെന്ന്‌. ചെറുപ്പം മുതലേ ദൈവവഴിയിലായിരുന്നു ജോര്‍ജ്‌ എന്ന വറീച്ചന്റെ യാത്ര. മറ്റുള്ളവരെപോലെയായിരുന്നില്ല വറീച്ചന്‍... സൗമ്യന്‍, പതിഞ്ഞ ശബ്‌ദം, പഠിക്കാന്‍ മിടുക്കന്‍...

ബഹളങ്ങളില്‍നിന്നൊക്കെ ഒതുങ്ങി കൂട്ടുകാരൊടൊപ്പം നടന്നു സ്‌കൂളില്‍ പോകുന്ന കൊച്ചു വറീച്ചനെ ഇന്നും ഓര്‍മയുണ്ട്‌ മൂത്ത ജ്യേഷ്‌ഠന്‍ ഫിലിപ്പോസിന്‌. തേങ്ങാ ആലപ്പുഴയിലെത്തിച്ചു വില്‍പന നടത്തുന്ന പിതാവിനെ സഹായിക്കുകയായിരുന്നു അന്നു ഫിലിപ്പോസിന്റെ ജോലി. ''വൈദികപഠനം നടത്തണമെന്ന ആവശ്യം ജോര്‍ജ്‌ വീട്ടില്‍ ഉന്നയിക്കുന്നത്‌ അക്കാലത്താണ്‌. 'നിനക്കു പോകണോടാ' എന്നായിരുന്നു പിതാവിന്റെ ചോദ്യം. എന്തായാലും ജോര്‍ജിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ എല്ലാവരും വഴങ്ങി''-ഫിലിപ്പോസ്‌ പറഞ്ഞു. വൈദികനായ ജോര്‍ജ്‌ ഉന്നത പഠനത്തിനു വിദേശത്തേക്കു പോയി. തിരിച്ചെത്തിയശേഷം വിവിധ ഇടവകളുടെ ചുമതലക്കാരനായി.

എവിടെയായാലും വീട്ടിലേക്കു സ്‌നേഹശബ്‌ദമായി അദ്ദേഹത്തിന്റെ ഫോണ്‍ വിളിയെത്തുമായിരുന്നു. വിശേഷാവസരങ്ങളില്‍ വീട്ടില്‍ സന്നിഹിതനാകാനും അദ്ദേഹം മറന്നില്ല.

ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരി പീലിപ്പോസ്‌-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായിട്ട്‌ 1945 ഏപ്രില്‍ 19നാണ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ജനിച്ചത്‌.

പ്രാഥമിക വിദ്യാഭ്യാസം തുരുത്തി സെന്റ്‌ മേരീസ്‌ സ്‌കൂളിലും ചങ്ങനാശേരി സെന്റ്‌ ബെര്‍ക്ക്‌മാന്‍സ്‌ ഹൈസ്‌കൂളിലുമായിരുന്നു. 1961 ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. അവിടുത്തെ പരിശീലനത്തിനിടയില്‍ തന്നെ ചങ്ങനാശേരി എസ്‌.ബി. കോളജില്‍നിന്നു സാമ്പത്തികശാസ്‌ത്രത്തില്‍ രണ്ടാം റാങ്കോടെ ബി.എ. ബിരുദം നേടി. തുടര്‍ന്ന്‌ ആലുവ സെന്റ്‌ ജോസഫ്‌സ് സെമിനാരിയില്‍ നിന്നു തത്വശാസ്‌ത്ര-ദൈവശാസ്‌ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1972 ഡിസംബര്‍ 18ന്‌ ചങ്ങനാശേരി അതിരൂപതയ്‌ക്കു വേണ്ടി തുരുത്തി സെന്റ്‌ മേരീസ്‌ പള്ളിയില്‍ വച്ചു കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു.

പിന്നീട്‌ ആലുവ പൊന്റിഫിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്ന്‌ ഒന്നാംറാങ്കില്‍ ദൈവശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. എറണാകുളം അതിരൂപതയിലെ പെരിയാര്‍മുഖം കുരിശുപള്ളിയുടെ വികാരിയായി മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ നിയമനപ്രകാരം ശുശ്രൂഷ ചെയ്‌തു. ആലുവയിലെ പഠനശേഷം ചങ്ങനാശേരി കത്തീഡ്രല്‍ അസിസ്‌റ്റന്റ്‌ വികാരി, ചങ്ങനാശേരി അതിരൂപത വിശ്വാസപരിശീലന ഡയറക്‌ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്‌തു. അതിനുശേഷം പാലാരിവട്ടം പി.ഒ.സിയില്‍ വിശ്വാസപരിശീലന കമ്മിഷന്റെ സെക്രട്ടറിയായും മൂന്നുവര്‍ഷം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1981 മുതല്‍ 1986 വരെ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഫ്രാന്‍സിലെ സൊര്‍ബോണ്‍ സര്‍വകലാശാലയിലും കാത്തലിക്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലും പഠിച്ചു ബൈബിള്‍ ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടര്‍ ബിരുദം സമ്പാദിച്ചു.

ഉപരിപഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി 1986 മുതല്‍ 1993 വരെ പി.ഒ.സി. ഡയറക്‌ടറും കേരള മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി) ഡപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. 1986 മുതല്‍ 1997 വരെ കോട്ടയം വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസറായിരുന്നു. 1994 മുതല്‍ 1996 വരെ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറല്‍.

1996 നവംബര്‍ 11ന്‌ തക്കല രൂപത സ്‌ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിയമിക്കപ്പെട്ടു. 1997 ഫെബ്രുവരി 2ന്‌ തക്കലയില്‍ വച്ച്‌ അന്നത്തെ ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തിലാണ്‌ വാഴിച്ചത്‌.

മെത്രാനെന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ്‌ സെക്രട്ടറി, വിശ്വാസപരിശീലന കമ്മിഷന്‍ ചെയര്‍മാന്‍, ഭാരതമെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സേവനം ചെയ്‌തിട്ടുണ്ട്‌. ധാര്‍മികത ഇന്നും നാളെയും എന്ന പേരില്‍ ഒരു പുസ്‌തകം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മലയാളം, തമിഴ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ട്‌.