Tuesday, 31 May 2011

വറീച്ചന്‍ മോഹിച്ചു, വൈദികനാകണം...‍

വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. ഒരു ദിവസം ചങ്ങനാശേരി പാറേല്‍പ്പള്ളി മൈനര്‍ സെമിനാരിയിലെത്തി ഒരു പയ്യന്‍ പറഞ്ഞു: ''എനിക്കു വൈദികനാകണം''.

കൃശഗാത്രനായ പയ്യന്റെ ആവശ്യംകേട്ടു സെമിനാരിയിലെ വൈദികര്‍ മുഖാമുഖം നോക്കി. ഒടുവില്‍ അവരിലൊരാള്‍ ചോദിച്ചു: ''നീ ഏതു ക്ലാസിലാ പഠിക്കുന്നത്‌''. പ്രതീക്ഷയോടെ പയ്യന്‍ മറുപടി നല്‍കി: ''പത്തില്‍''.

അതുകേട്ടു വൈദികന്‍ പറഞ്ഞു: ''നീ ഒരു കാര്യം ചെയ്യ്‌, പ്രീഡിഗ്രി കഴിഞ്ഞു വരൂ, സെമിനാരിയില്‍ ചേര്‍ക്കാം''.

വൈദികനാകണമെന്ന ആഗ്രഹം ഒട്ടും ഉറച്ചതായിരിക്കില്ലെന്നു കരുതിയാണു വൈദികര്‍ ആ പത്താം ക്ലാസുകാരനെ പറഞ്ഞുവിട്ടത്‌. അഥവാ വൈദികനാകാന്‍തന്നെയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ അവിടേക്കു വീണ്ടും വരാതിരിക്കില്ലെന്നും അവര്‍ കണക്കുകൂട്ടി.

അന്നു സെമിനാരിയില്‍നിന്നു പറഞ്ഞുവിട്ട പയ്യനാണ്‌ ഇന്നലെ സീറോ മലബാര്‍സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സെമിനാരിയിലെ വൈദികരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു പയ്യന്‍ വീണ്ടും സെമിനാരിയിലെത്തി, വൈദിക വിദ്യാര്‍ഥിയായി. ചങ്ങനാശേരി തുരുത്തി ആലഞ്ചേരി പീലിപ്പോസ്‌-മേരി ദമ്പതികളുടെ പതിനൊന്നുമക്കളില്‍ ആറാമനായ ജോര്‍ജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വൈദികനാകണമെന്ന്‌. ചെറുപ്പം മുതലേ ദൈവവഴിയിലായിരുന്നു ജോര്‍ജ്‌ എന്ന വറീച്ചന്റെ യാത്ര. മറ്റുള്ളവരെപോലെയായിരുന്നില്ല വറീച്ചന്‍... സൗമ്യന്‍, പതിഞ്ഞ ശബ്‌ദം, പഠിക്കാന്‍ മിടുക്കന്‍...

ബഹളങ്ങളില്‍നിന്നൊക്കെ ഒതുങ്ങി കൂട്ടുകാരൊടൊപ്പം നടന്നു സ്‌കൂളില്‍ പോകുന്ന കൊച്ചു വറീച്ചനെ ഇന്നും ഓര്‍മയുണ്ട്‌ മൂത്ത ജ്യേഷ്‌ഠന്‍ ഫിലിപ്പോസിന്‌. തേങ്ങാ ആലപ്പുഴയിലെത്തിച്ചു വില്‍പന നടത്തുന്ന പിതാവിനെ സഹായിക്കുകയായിരുന്നു അന്നു ഫിലിപ്പോസിന്റെ ജോലി. ''വൈദികപഠനം നടത്തണമെന്ന ആവശ്യം ജോര്‍ജ്‌ വീട്ടില്‍ ഉന്നയിക്കുന്നത്‌ അക്കാലത്താണ്‌. 'നിനക്കു പോകണോടാ' എന്നായിരുന്നു പിതാവിന്റെ ചോദ്യം. എന്തായാലും ജോര്‍ജിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ എല്ലാവരും വഴങ്ങി''-ഫിലിപ്പോസ്‌ പറഞ്ഞു. വൈദികനായ ജോര്‍ജ്‌ ഉന്നത പഠനത്തിനു വിദേശത്തേക്കു പോയി. തിരിച്ചെത്തിയശേഷം വിവിധ ഇടവകളുടെ ചുമതലക്കാരനായി.

എവിടെയായാലും വീട്ടിലേക്കു സ്‌നേഹശബ്‌ദമായി അദ്ദേഹത്തിന്റെ ഫോണ്‍ വിളിയെത്തുമായിരുന്നു. വിശേഷാവസരങ്ങളില്‍ വീട്ടില്‍ സന്നിഹിതനാകാനും അദ്ദേഹം മറന്നില്ല.

ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരി പീലിപ്പോസ്‌-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായിട്ട്‌ 1945 ഏപ്രില്‍ 19നാണ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ജനിച്ചത്‌.

പ്രാഥമിക വിദ്യാഭ്യാസം തുരുത്തി സെന്റ്‌ മേരീസ്‌ സ്‌കൂളിലും ചങ്ങനാശേരി സെന്റ്‌ ബെര്‍ക്ക്‌മാന്‍സ്‌ ഹൈസ്‌കൂളിലുമായിരുന്നു. 1961 ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. അവിടുത്തെ പരിശീലനത്തിനിടയില്‍ തന്നെ ചങ്ങനാശേരി എസ്‌.ബി. കോളജില്‍നിന്നു സാമ്പത്തികശാസ്‌ത്രത്തില്‍ രണ്ടാം റാങ്കോടെ ബി.എ. ബിരുദം നേടി. തുടര്‍ന്ന്‌ ആലുവ സെന്റ്‌ ജോസഫ്‌സ് സെമിനാരിയില്‍ നിന്നു തത്വശാസ്‌ത്ര-ദൈവശാസ്‌ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1972 ഡിസംബര്‍ 18ന്‌ ചങ്ങനാശേരി അതിരൂപതയ്‌ക്കു വേണ്ടി തുരുത്തി സെന്റ്‌ മേരീസ്‌ പള്ളിയില്‍ വച്ചു കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു.

പിന്നീട്‌ ആലുവ പൊന്റിഫിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്ന്‌ ഒന്നാംറാങ്കില്‍ ദൈവശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. എറണാകുളം അതിരൂപതയിലെ പെരിയാര്‍മുഖം കുരിശുപള്ളിയുടെ വികാരിയായി മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ നിയമനപ്രകാരം ശുശ്രൂഷ ചെയ്‌തു. ആലുവയിലെ പഠനശേഷം ചങ്ങനാശേരി കത്തീഡ്രല്‍ അസിസ്‌റ്റന്റ്‌ വികാരി, ചങ്ങനാശേരി അതിരൂപത വിശ്വാസപരിശീലന ഡയറക്‌ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്‌തു. അതിനുശേഷം പാലാരിവട്ടം പി.ഒ.സിയില്‍ വിശ്വാസപരിശീലന കമ്മിഷന്റെ സെക്രട്ടറിയായും മൂന്നുവര്‍ഷം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1981 മുതല്‍ 1986 വരെ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഫ്രാന്‍സിലെ സൊര്‍ബോണ്‍ സര്‍വകലാശാലയിലും കാത്തലിക്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലും പഠിച്ചു ബൈബിള്‍ ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടര്‍ ബിരുദം സമ്പാദിച്ചു.

ഉപരിപഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി 1986 മുതല്‍ 1993 വരെ പി.ഒ.സി. ഡയറക്‌ടറും കേരള മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി) ഡപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. 1986 മുതല്‍ 1997 വരെ കോട്ടയം വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസറായിരുന്നു. 1994 മുതല്‍ 1996 വരെ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറല്‍.

1996 നവംബര്‍ 11ന്‌ തക്കല രൂപത സ്‌ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിയമിക്കപ്പെട്ടു. 1997 ഫെബ്രുവരി 2ന്‌ തക്കലയില്‍ വച്ച്‌ അന്നത്തെ ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തിലാണ്‌ വാഴിച്ചത്‌.

മെത്രാനെന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ്‌ സെക്രട്ടറി, വിശ്വാസപരിശീലന കമ്മിഷന്‍ ചെയര്‍മാന്‍, ഭാരതമെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സേവനം ചെയ്‌തിട്ടുണ്ട്‌. ധാര്‍മികത ഇന്നും നാളെയും എന്ന പേരില്‍ ഒരു പുസ്‌തകം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മലയാളം, തമിഴ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ട്‌.

No comments:

Post a Comment