Friday, 22 June 2012

പ്രഫഷണല്‍ വിദ്യാഭ്യാസരംഗം: പുതിയ നിലപാടുകള്‍ ആവശ്യം - ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ (കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍)

ഒരു അക്കാദമിക വര്‍ഷം കൂടി ആരംഭിക്കുമ്പോള്‍ കേരളത്തില്‍ പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തിനു കൂടുതല്‍ വ്യക്തതയും കൃത്യതയും കൈവരുന്നുണ്‌ട്‌ എന്നു പൊതുവില്‍ ആശ്വസിക്കാം. പ്രവേശനപ്പരീക്ഷയുടെ റിസല്‍ട്ടു വരുന്നതിനു മുമ്പുതന്നെ പ്രവേശന പ്രക്രിയയെക്കുറിച്ച്‌ ഏതാണ്‌ടു ധാരണ ആയിക്കഴിഞ്ഞു. അതുകൊണ്‌ടുതന്നെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ത്തന്നെ പ്രവേശനം നേടാന്‍ ഇടയാകും.

സമയത്തിനുതന്നെ ക്ലാസുകള്‍ ആരംഭിക്കാനും ഗുണമേന്മയുള്ള വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ചെലവില്‍ നാട്ടില്‍ത്തന്നെ ലഭ്യമാക്കാനും കഴിയും എന്നതാണു മറ്റൊരു നേട്ടം. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്കു പ്ലേസ്‌മെന്റിനു സാധ്യത സൃഷ്‌ടിക്കാന്‍ കഴിയുന്ന വ്യാവസായിക രംഗങ്ങള്‍ നമ്മള്‍ക്കിവിടെ ഇല്ല എന്നതു വലിയ പോരായ്‌മ തന്നെയാണ്‌.

യുക്തിക്കും നീതിക്കും നിരക്കാത്ത നിലപാടുകള്‍ വേണോ?

സര്‍ക്കാരിന്റെ പ്രഫഷണല്‍ കോളജുകളില്‍ ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ നമ്മള്‍ നല്‌കുന്ന നികുതിപ്പണം കൊണ്‌ട്‌ സൗജന്യമായി പഠിക്കുന്നുണ്‌ട്‌. 6000 എന്‍ജിനിയിറിംഗ്‌ സീറ്റുകളും 800 മെഡിക്കല്‍ സീറ്റുകളും അങ്ങനെയുണ്‌ട്‌. അതിനുശേഷം വരുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ പഠനത്തിനായി കേരളത്തിനുപുറത്ത്‌ കോളജുകള്‍ തേടി പോകേണ്‌ടിവന്ന സാഹചര്യത്തിലാണു കേരളത്തിലും സ്വാശ്രയ കോളജുകള്‍ എന്ന ആശയം കടന്നുവരുന്നത്‌.

കഴിഞ്ഞ ഒന്നര പതിറ്റാണ്‌ടുകാലം എങ്ങനെയാണ്‌ ഈ സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ നടത്തേണ്‌ടതെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. പകുതിപ്പേരില്‍ നിന്ന്‌ ഇരട്ടി ഫീസ്‌ ഈടാക്കി മറ്റു വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന വിചിത്ര സൂത്രവാക്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നു. രണ്‌ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന യുക്തിരഹിതമായ സൂത്രവാക്യം ഏറെ പ്രചരിച്ചു. 1993-ലെ ഉണ്ണികൃഷ്‌ണന്‍ കേസിന്റെ വിധിയെ ആസ്‌പദമാക്കിയാണ്‌ ഇങ്ങനെ ഒരു നിലപാട്‌ ഉയര്‍ന്നുവന്നത്‌. 2001ല്‍ ഈ വിധി നീതിക്കും യുക്തിക്കും നിയമങ്ങള്‍ക്കും വിരുദ്ധമായിക്കണ്‌ട്‌ റദ്ദു ചെയ്‌ത്‌ ടി.എം.എ. പൈ കേസില്‍ സുപ്രീംകോടതി വിധി വന്നു. എന്നിട്ടും കാലഹരണപ്പെട്ട ഉണ്ണികൃഷ്‌ണന്‍ കേസിലെ വിധിയനുസരിച്ചുതന്നെ പ്രഫഷണല്‍ കോളജുകള്‍ നടത്താനായിരുന്നു സര്‍ക്കാരുകളുടെ ശ്രമം.

കീഴ്‌ക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച വ്യക്തിയെ സുപ്രീം കോടതി നിരപരാധിയായി തിരിച്ചറിഞ്ഞ്‌ വെറുതേ വിട്ടാലും കീഴ്‌ക്കോടതിയുടെ വിധി അനുസരിച്ച്‌ വധശിക്ഷ നല്‌കണമെന്നു വാശിപിടിക്കുന്നതുപോലുള്ള നിലപാടുകള്‍ സര്‍ക്കാരുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിയമങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്‌തു. കോടതിയുടെ ഇടപെടലുകളാണ്‌ ഇന്ത്യന്‍ ഭരണഘടനക്കും നീതിക്കും യുക്തിക്കും നിരക്കാത്ത ഈ നിയമങ്ങളിലെ വകുപ്പുകള്‍ റദ്ദു ചെയ്‌തത്‌. എങ്കിലും ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും തങ്ങളുടെ നിലപാടുകള്‍ കോളജുകളുടെമേല്‍ അടിച്ചേല്‌പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ചില മാധ്യമങ്ങള്‍ സാധൂകരിക്കാനാവാത്ത ഈ നിലപാടിനെ ഇപ്പോള്‍പോലും പിന്തുണയ്‌ക്കുന്നതു ഖേദകരമാണ്‌.

ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇന്റര്‍സേ മെരിറ്റനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പു നല്‌കി സൗജന്യപഠനം ഏര്‍പ്പെടുത്തിയും മെരിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന നിലപാടാണ്‌ കെസിബിസിയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനും സ്വീകരിച്ചത.്‌ നിയമങ്ങളുടെയും ഭരണഘടനയുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ യുക്തിഭദ്രവും നീതിപൂര്‍വവുമായ നിലപാടാണ്‌ അങ്ങനെ ക്രൈസ്‌തവ മാനേജുമെന്റുകള്‍ ഉയര്‍ത്തിപ്പിടിച്ചത്‌. കോടതികള്‍ അത്‌ അംഗീകരിക്കുകയും ചെയ്‌തു.

നീതിയും മെരിറ്റുമില്ലാത്ത നിലപാട്‌

ഇക്കാലയളവിലെല്ലാം 50% വിദ്യാര്‍ഥികള്‍ക്കു സൗജന്യവിദ്യാഭ്യാസം നല്‌കുന്നതിനായി മറ്റ്‌ 50% വിദ്യാര്‍ഥികള്‍ക്ക്‌ ഇരട്ടിഫീസ്‌ എന്നതാണു നീതിനിഷ്‌ഠമെന്ന അബദ്ധധാരണ പ്രചരിപ്പിക്കാനാണു മിക്കവരും ശ്രമിച്ചുകണ്‌ടത്‌. ഇങ്ങനെ 50% വിദ്യാര്‍ഥികളില്‍ നിന്ന്‌ ഇരട്ടിഫീസ്‌ വാങ്ങുന്നത്‌ അവരോടു ചെയ്യുന്ന അനീതിയാണെന്ന യാഥാര്‍ഥ്യം അവിടെ മറന്നു. ഈ സീറ്റുകളില്‍ ഇരട്ടിഫീസു നല്‌കാന്‍ കഴിയുന്നവരെ മാത്രം പ്രവേശിപ്പിക്കുമ്പോള്‍ അവിടെ മെരിറ്റ്‌ അട്ടിമറിക്കപ്പെടുമെന്ന യാഥാര്‍ഥ്യവും വിസ്‌മരിക്കപ്പെട്ടു. അങ്ങനെ വിദ്യാഭ്യാസ നിലവാരവും തകര്‍ന്നു. അങ്ങനെ സാമൂഹ്യനീതിയും മെരിറ്റും നല്ല പങ്കു സീറ്റിലും ഇല്ലാതായ സാഹചര്യമാണു സൃഷ്‌ടിക്കപ്പെട്ടത്‌.

ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു നികുതിപ്പണത്തില്‍ നിന്നു സൗജന്യ വിദ്യാഭ്യാസം നല്‌കുക, തുടര്‍ന്നുവരുന്നവര്‍ക്കു സ്വന്തം ചെലവില്‍ വിദ്യാഭ്യാസം നല്‌കുക, അങ്ങനെ സ്വന്തം ചെലവുവഹിക്കാന്‍ കഴിയാത്തവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌, ബാങ്ക്‌ ലോണ്‍ തുടങ്ങിയവ ലഭ്യമാക്കുക, ഗുണമേന്മയും തൊഴിലും ഉറപ്പുതരുന്ന വിദ്യാഭ്യാസം നല്‌കുക എന്നിവയാണ്‌ യഥാര്‍ഥത്തില്‍ നമ്മുടെ വികസനത്തിന്‌ ആവശ്യം. അതിനു വിരുദ്ധമായി രണ്‌ടു സ്വാശ്രയ കോളജുകള്‍ ചേര്‍ത്ത്‌ ഒരു സര്‍ക്കാര്‍ കോളജിനു തുല്യമാക്കാന്‍ ശ്രമിക്കുന്നതെല്ലാം പരാജയത്തിലേ കലാശിക്കൂ എന്നു കണ്‌ടറിയാന്‍ നമുക്കു കഴിയേണ്‌ടതുണ്‌ട്‌. ഇപ്പോള്‍പോലും പലര്‍ക്കും അതിനു കഴിയുന്നില്ല എന്നതു ദൗര്‍ഭാഗ്യകരമാണ്‌.

നിലപാടും ധാരണകളും

സര്‍ക്കാരുമായി ക്രൈസ്‌തവ സ്ഥാപനങ്ങള്‍ ധാരണയില്‍ എത്തുമ്പോള്‍ സാമൂഹ്യനീതിയും മെരിറ്റും ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുതന്നെയാണ്‌ ക്രൈസ്‌തവ സഭകള്‍ തുടരുന്നത്‌. സര്‍ക്കാരിന്റെ മെഡിക്കല്‍ കോളജുകളെക്കാള്‍ പലതിലും മികവു പുലര്‍ത്താന്‍ ക്രൈസ്‌തവ മാനേജ്‌മെന്റിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കു കഴിയുന്നു. ഈ വര്‍ഷം ബിഡിഎസിന്‌ ഏറ്റവും കൂടുതല്‍ വിജയശതമാനം പുഷ്‌പഗിരി മെഡിക്കല്‍ കോളജിനായിരുന്നു. കോട്ടയത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പിന്നിലാക്കി തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജും (94.95%) കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍ കോളജും (92%) എംബിബിഎസിന്‌ ഉന്നത വിജയം നേടിയതു ശ്രദ്ധേയമാണ്‌.

ബിഎസ്‌സി നഴ്‌സിംഗ്‌ പരീക്ഷയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ്‌ നഴ്‌സിംഗ്‌ കോളജിനേക്കാള്‍ മികച്ചവിജയം നേടിയതു തൃശൂര്‍ ജൂബിലി ആയിരുന്നു. റാങ്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ കോളജുകളെക്കാള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ ഈ കോളജുകള്‍ക്കു കഴിയുന്നതു വിദ്യാഭ്യാസരംഗത്തെ അര്‍പ്പണബോധം കൊണ്‌ടുമാത്രമാണ്‌.

സര്‍ക്കാരുമായുള്ള ധാരണ പ്രകാരം 50% സീറ്റുകളില്‍ സര്‍ക്കാര്‍ ആയിരിക്കും മെരിറ്റനുസരിച്ച്‌ വിദ്യാര്‍ഥികളെ നിര്‍ണയിക്കുന്നത്‌. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ പ്രവേശിപ്പിക്കുന്ന അമ്പതു സീറ്റില്‍ പതിനഞ്ചും എന്‍ജിനിയറിംഗ്‌ കോളജില്‍ പത്തും കമ്യൂണിറ്റിയില്‍ നിന്നായിരിക്കും പ്രവേശിപ്പിക്കുക. എല്ലാവര്‍ക്കും ന്യായമായ ഒരേ ഫീസ്‌ ഏര്‍പ്പെടുത്തി. പാവപ്പെട്ടവര്‍ക്കു സ്‌കോളര്‍ഷിപ്പു നല്‌കി സൗജന്യ പഠനത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈടാക്കുന്ന ഫീസ്‌ നിരക്കില്‍ മെഡിക്കല്‍ കോളജില്‍ 25,000 രൂപയും എന്‍ജിനിയറിംഗ്‌ കോളജില്‍ 5000 രൂപയും വര്‍ധിപ്പിച്ചിട്ടുണ്‌ട്‌. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ കോളജുകളില്‍ ഒരു ബാച്ചില്‍ 40 ലക്ഷം രൂപയും എന്‍ജിനിയറിംഗ്‌ കോളജുകളില്‍ 60 പേരുടെ ബാച്ചിനു മൂന്നു ലക്ഷം രൂപയും പാവപ്പെട്ടവര്‍ക്കു സ്‌കോളര്‍ഷിപ്പും നല്‌കും. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശം ത്യജിക്കാതെ തന്നെയാണ്‌ ഈ ക്രമീകരണം. സ്വന്തം സമൂഹത്തില്‍ നിന്നു പരമാവധി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ എക്കാലത്തും ചെയ്യുന്നതുപോലെ പരമാവധി മറ്റു വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന നിലപാടാണ്‌ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കുള്ളത്‌.

സ്‌കോളര്‍ഷിപ്പ്‌ ആവശ്യമായി വരുന്ന വിദ്യാര്‍ഥികള്‍ പഠനശേഷം ഒരു നിശ്ചിതകാലം തങ്ങളെ പഠിപ്പിച്ച സമൂഹത്തിനോ പൊതുസമൂഹത്തിനോ സൗജന്യ നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ തയാറാകുമെങ്കില്‍ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‌കാന്‍ കഴിയും. സര്‍ക്കാരും സ്വകാര്യ ആശുപത്രികളും അങ്ങനെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്‌ നല്‌കാന്‍ മുന്നോട്ടുവരുക തന്നെ ചെയ്യും. പലരും അതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്‌ട്‌. എന്‍ജിനിയിറിംഗ്‌ സ്ഥാപനങ്ങളും അതിനു തയാറാകുന്നുണ്‌ട്‌.

ഗുണമേന്മയുള്ള പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു മാത്രമേ ഇന്നു സാംഗത്യമുള്ളൂ. ഗുണനിലവാരം ഉയര്‍ത്തുന്നതിനു തീര്‍ച്ചയായും ചെലവു കൂടുതല്‍ വരും. പക്ഷേ, പ്ലേസ്‌മെന്റ്‌ ലഭിക്കുന്നതിനു ഗുണനിലവാരമാണ്‌ അടിസ്ഥാനം എന്നതുകൊണ്‌ടുതന്നെ അതില്‍ നീക്കുപോക്കുകള്‍ക്കു സാധ്യതയില്ല. അതുകൊണ്‌ട്‌ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള സാധ്യത ഉണ്‌ടാകുകയും എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ ശ്രമിക്കുകയും വേണം.

യഥാര്‍ഥ മെരിറ്റും സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച്‌, ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‌കി സാമൂഹ്യവളര്‍ച്ചക്കും വികസനത്തിനും വേണ്‌ടി എല്ലാവരും നിലപാടെടുത്താല്‍ മാത്രമേ നമ്മുടെ നാട്ടിലും നന്മകള്‍ സംജാതമാകൂ.

No comments:

Post a Comment