Sunday 24 June 2012

ജീവന് ഭീഷണിയെന്ന്; കുര്യാക്കോസ് മാര്‍ ക്ലിമീസ് അരമനവിട്ടു

കട്ടപ്പന (ഇടുക്കി): യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമീസ് കട്ടപ്പനയിലെ അരമനവിട്ടു. ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം അരമന വിട്ടുപോയത്. മാര്‍ ക്ലിമീസിന്റെ ഡ്രൈവറും രണ്ട് ചെമ്മാച്ചന്‍മാരും അരമനവിട്ടുപോയി.

സഭാ ആസ്ഥാനത്ത് തിങ്കളാഴ്ച സുനഹദോസ് നടക്കാനിരിക്കെയാണ് കുര്യാക്കോസ് മാര്‍ ക്ലിമീസുംമറ്റും അരമന വിട്ടുപോയത്. ആരെങ്കിലും വീട്ടിലെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അദ്ദേഹം അയല്‍വാസികളോട് പറഞ്ഞിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്നും അയല്‍ക്കാരോടു പറഞ്ഞിട്ടുണ്ട്.

മെത്രാപ്പോലീത്ത 48 ലക്ഷം രൂപ നല്‍കാനുണ്ടെന്നുപറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച അപരിചിതരായ ചിലര്‍ അരമനയിലെത്തി ബഹളംവച്ചിരുന്നു. കാറിന്റെ ഡ്രൈവറെ കെയേറ്റംചെയ്യാനും ശ്രമിച്ചു. അരമനയില്‍നിന്ന് ഇറങ്ങി ഓടിയ കാര്‍ഡ്രൈവര്‍ അയല്‍വാസിയുടെ വീട്ടില്‍ക്കയറിയാണ് രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ റോഡില്‍വീണ് ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.

എറണാകുളത്തുനിന്നെന്നു പറഞ്ഞെത്തിയ ഇവര്‍ അരമനമുറിയുടെ കതക് തള്ളിത്തുറക്കാന്‍ ശ്രമിച്ചു.

ബഹളം കേട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. കട്ടപ്പന സി.ഐ. റെജി എം. കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘമെത്തിയാണ് ഇവരെ പറഞ്ഞയച്ചത്.

കുര്യാക്കോസ് മാര്‍ ക്ലിമീസ് 48 ലക്ഷം രൂപ നല്‍കാനുണ്ടെന്നു പറഞ്ഞാണ് ഇവര്‍ ബഹളംവച്ചത്. ഇതിനു തെളിവായി അദ്ദേഹം ഒപ്പുവെച്ചതെന്നു പറഞ്ഞ് ഉടമ്പടി നാട്ടുകാരെയും പോലീസിനെയും കാണിച്ചു. എന്നാല്‍ ഇരുകൂട്ടരും പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാതെ പോലീസ് തിരിച്ചുപോയി.

കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തതായും കല്പനയിലുണ്ടായിരുന്നു.

മൂന്നുവര്‍ഷം മുന്‍പാണ് ഇടുക്കി ഭദ്രാസനം തുടങ്ങിയത്. അന്നുമുതല്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു, കുര്യാക്കോസ് മാര്‍ ക്ലിമീസ്. ഇടുക്കി ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന് നീക്കംചെയെ്തങ്കിലും കട്ടപ്പനയിലെ അരമനയില്‍ത്തന്നെയായിരുന്നു താമസിച്ചിരുന്നത്.

No comments:

Post a Comment