Saturday 23 June 2012

കേരള വികസനത്തിനു ദിശാബോധം പകര്‍ന്ന വൈദികന്‍


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പാറത്തോട്‌ ഗ്രാമത്തില്‍ ഫാ. മാത്യു വടക്കേമുറി അത്ഭുതങ്ങളാണു കാഴ്‌ചവച്ചത്‌. കാര്‍ഷികമേഖലയിലെ വികസനത്തിന്റെ അനന്യമായ സാധ്യതകള്‍ കണെ്‌ടത്തി അതു ഗ്രാമങ്ങളില്‍ ആവിഷ്‌കരിച്ചു. കാല്‍ നൂറ്റാണ്‌ട്‌ മുമ്പ്‌ അന്നത്തെ സമൂഹത്തിനു ചിന്തിക്കാനാവാത്ത കാര്യങ്ങളാണു വടക്കേമുറിയച്ചന്‍ എന്ന ധിഷണാശാലി നടപ്പാക്കിയത്‌. മറ്റാരും കൈവക്കാന്‍ തയാറാകാതെ മടിച്ചുനിന്ന രംഗങ്ങളില്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങി. വടക്കേമുറിയച്ചന്റെ മനസ്‌ എന്നും പുത്തന്‍ പദ്ധതികളുടെ ഒഴിയാത്ത പണിപ്പുരയായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സിയായി 1977-ല്‍ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി (എംഡിഎസ്‌) രൂപീകൃതമായപ്പോള്‍ സെക്രട്ടറിയായി ചുമതലയേറ്റ ഫാ. മാത്യു വടക്കേമുറി 2001 വരെ ഇതിനു നേതൃത്വം വഹിച്ചു. അച്ചന്‍ നടപ്പാക്കിയ പദ്ധതികള്‍ കൂട്ടിവായിച്ചാല്‍ ഒരു പുരുഷായുസില്‍ ഇത്രയേറെ കാര്യങ്ങള്‍ എങ്ങനെ ചെയ്‌തുതീര്‍ക്കാനാകുമെന്നു ചിന്തിച്ചുപോകാം.

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അവരുടെ പക്ഷം ചേര്‍ന്നു അവരോടൊപ്പം അച്ചനും ജീവിച്ചു. എരത്വാപ്പുഴയിലെ മലവേടകോളനിയില്‍ സാക്ഷരതാപ്രവര്‍ത്തകനായും കണമലയില്‍ പാലം പണിയാന്‍ നാട്ടുകാര്‍ക്കൊപ്പം കല്ലുചുമക്കുന്ന ശ്രമദാനക്കാരനായും പാറത്തോട്‌ എംഡിഎസ്‌ വളപ്പില്‍ തൂമ്പയെടുത്തു കിളയ്‌ക്കുന്ന കര്‍ഷകനായും അച്ചനെ സമൂഹം കണ്‌ടു. ടാറ്റ കമ്പനിയുടെ 501 ബാര്‍ സോപ്പുമായി ഏറ്റുമുട്ടാന്‍ പാറത്തോട്‌ ഗ്രാമത്തില്‍ അച്ചന്‍ സോപ്പു നിര്‍മിച്ചു. വി ടു, ചാവി തീപ്പെട്ടികളെ തോല്‍പ്പിക്കാന്‍ മലനാട്‌ തീപ്പെട്ടി വിപണിയിലിറക്കി. മില്‍മയ്‌ക്കൊപ്പം മലനാട്‌ പാല്‍ കേരളത്തില്‍ ഒഴുക്കി. മലനാട്‌ തേന്‍ അന്‍പതോളം രാജ്യങ്ങളിലേക്കു കയറ്റി അയച്ചു. കാഞ്ഞിരപ്പള്ളിയില്‍ പട്ടുസാരി നെയ്‌തു നാട്ടിന്‍പുറങ്ങളില്‍ വിറ്റു. പാവങ്ങള്‍ക്കു തൊഴില്‍ എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം.

പാറത്തോട്ടിലുള്ള മലനാട്‌ കാമ്പസ്‌ സുസ്ഥിര വികസന മാതൃകകളുടെ പരീക്ഷണശാലയും പാഠശാലയുമായി അച്ചന്‍ വളര്‍ത്തിയെടുത്തു. പാറത്തോട്ടിലെ എംഡി എസ്‌ ട്രെയിനിംഗ്‌ സെന്ററില്‍ മാത്രം ഇന്ന്‌ 150ല്‍ ഏറെപ്പേര്‍ ജോലി ചെയ്യുന്നു.

നിത്യവൃത്തിക്കു വകതേടിയ ക്ഷീര കര്‍ഷകര്‍ക്കു ഒരാശ്വാസത്തിന്റെ സേവനസ്‌പര്‍ശവുമായി 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മലനാട്‌ മില്‍ക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ സൊസൈറ്റിയാണ്‌ വടക്കേമുറിയച്ചന്റെ പ്രവര്‍ത്തന മേഖലയിലെ മറ്റൊരു നാഴികക്കല്ല്‌. പ്രാദേശിക ക്ഷീരോല്‌പാദക സംഘങ്ങള്‍ വഴി സമാഹരിക്കുന്ന പാല്‍ സംസ്‌കരിച്ചു വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി പാറത്തോട്ടില്‍ മില്‍ക്ക്‌ പാസ്‌ചറൈസേഷന്‍ പ്ലാന്റും ഇടുക്കി ജില്ലയിലെ അണക്കരയില്‍ മില്‍ക്ക്‌ ചില്ലിംഗ്‌ പ്ലാന്റും സ്ഥാപിച്ചു. പ്രതിദിനം 1.25 ലക്ഷം ലിറ്റര്‍ പാല്‍ വിപണിയില്‍ എത്തിക്കാന്‍ വേ സംവിധാനങ്ങളുമായി ഇന്നു ഈ കര്‍ഷകമുന്നേറ്റം ഏറെ വളര്‍ന്നു കഴിഞ്ഞു.

സ്വകാര്യമേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റിനു പാറത്തോട്ടില്‍ ആരംഭം കുറിച്ചു. റബര്‍ബോര്‍ഡ്‌ ദേശീയതലത്തില്‍ നടപ്പാക്കിക്കൊണ്‌ടിരിക്കുന്ന തേനീച്ച കോളനി വിതരണ പദ്ധതിക്കു പ്രേരകമായത്‌ ഫാ. മാത്യു വടക്കേമുറിയുടെ നേതൃത്വത്തില്‍ 1987ല്‍ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി ആരംഭം കുറിച്ച തേനീച്ച പദ്ധതിയാണ്‌. പദ്ധതിയുടെ പ്രയോജനവും പ്രാധാന്യവും തിരിച്ചറിഞ്ഞ റബര്‍ബോര്‍ഡ്‌ സ്‌കീം ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നു. തേന്‍ സംഭരണ രംഗത്തും വടക്കേമുറിയച്ചന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്‌.

തേനീച്ച വളര്‍ത്തലില്‍ കര്‍ഷകര്‍ക്കു നിരന്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചും തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയും തേനീച്ച വളര്‍ത്തല്‍ വ്യാപകമാക്കി.

1991-92 കാലഘട്ടത്തില്‍ തായ്‌സാക്‌ബ്രൂഡ്‌ രോഗംമൂലം കേരളത്തിലെ തേനീച്ച പാടേ നശിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുവാന്‍ അച്ചന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍നിന്ന്‌ മെല്ലിഫ്രാ ഇനത്തില്‍പ്പെട്ട ഇറ്റാലിയന്‍ തേനീച്ചകളെ എത്തിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്‌തു. ആയിരത്തോളം തേനീച്ച കോളനികളാണു റെയില്‍മാര്‍ഗം കേരളത്തില്‍ എത്തിച്ചത്‌.

പാറത്തോട്ടില്‍ വടക്കേമുറിയച്ചന്‍ ആരംഭം കുറിച്ച തേന്‍സംഭരണ - സംസ്‌കരണ യൂണിറ്റ്‌ ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേന്‍ സംഭരിച്ചു സംസ്‌കരിക്കുന്ന യൂണിറ്റാണ്‌. തേന്‍ അഗ്‌മാര്‍ക്ക്‌ ചെയ്യുവാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ അംഗീകാരമുള്ള ലബോറട്ടറി സന്നദ്ധമേഖലയില്‍ ആദ്യമായി സ്ഥാപിച്ചതും ഇദ്ദേഹം തന്നെ. 1993-ല്‍ തെക്കേ ഇന്ത്യയിലെ തേനീച്ച കര്‍ഷകരെയും സംഘടനകളെയും ഒരുമിച്ചുചേര്‍ത്തു സൗത്ത്‌ ഇന്ത്യന്‍ ബീകീപ്പേഴ്‌സ്‌ ഫെഡറേഷനു രൂപം നല്‍കി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ്‌ മെംബറായി അച്ചനെ തെരഞ്ഞെടുക്കുകയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്‌തു.

ദിശാബോധം പകര്‍ന്ന ഗവേഷകന്‍

കാഞ്ഞിരപ്പള്ളി: ഊര്‍ജ വികസന രംഗത്തുള്ള വടക്കേമുറിയച്ചന്റ സംഭാവനകള്‍ വിസ്‌മരിക്കാവുന്നതല്ല. ബയോഗ്യാസ്‌ പ്ലാന്റുകള്‍ കേരളത്തില്‍ ജനകീയമാക്കിയതും വ്യാപകമായി പ്രചരിപ്പിച്ചതും കേരളത്തില്‍ ആദ്യമായി ജനതാ മോഡല്‍ ബയോഗ്യാസ്‌ പ്ലാന്റും ഡൂം മോഡല്‍ ബയോഗ്യാസ്‌ പ്ലാന്റും അവതരിപ്പിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്‌. ബയോഗ്യാസ്‌ പ്ലാന്റുകളുടെ പ്രവര്‍ത്തന ചെലവ്‌ ഗണ്യമായി കുറച്ച ഫെറോസിമന്റ്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ ഇന്ത്യയില്‍ ആദ്യമായി രൂപകല്‌പന ചെയ്‌തു. മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 22000ല്‍ അധികം ബയോഗ്യാസ്‌ പ്ലാന്റുകള്‍ നിര്‍മിച്ചു നല്‍കി. റബ്ബര്‍ഷീറ്റ്‌ അടിക്കുമ്പോള്‍ പുറംതള്ളുന്ന മലിനജലം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്‌ പ്ലാന്റുകള്‍ക്ക്‌ തുടക്കമിട്ടു. തുടര്‍ന്നു റബര്‍ബോര്‍ഡുമായി സഹകരിച്ച്‌്‌ ഇതിനു സബ്‌സിഡി ലഭ്യമാക്കുവാനും അച്ചന്റെ ശ്രമഫലമായി സാധിച്ചു.

ബയോഗ്യാസ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കുവാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ദേശീയശൃംഖല രൂപീകരിക്കുവാന്‍ മുന്നിട്ടിറങ്ങി. കേരളം, ഗോവ, തമിഴ്‌നാട്‌, കര്‍ണാടക, പോണ്‌ടിച്ചേരി, ആന്ധ്രാപ്രദേശ്‌ സംസ്ഥാനങ്ങളില്‍നിന്നുള്ള സന്നദ്ധസംഘടനകളെ ബന്ധപ്പെടുത്തി 1993ല്‍ വടക്കേമുറിയച്ചന്‍ രൂപം നല്‍കിയ `സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ്‌ ഏജന്‍സി' (എസ്‌ഡിഎ)യുടെ നേതൃത്വത്തില്‍ 64000ല്‍ അധികം ബയോഗ്യാസ്‌ പ്ലാന്റുകളാണ്‌ തെക്കേ ഇന്ത്യയില്‍ നിര്‍മിച്ചത്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകൃത നോഡല്‍ ഏജന്‍സിയായി എസ്‌ഡിഎയ്‌ക്ക്‌ അംഗീകാരം ലഭിച്ചതും എസ്‌ഡിഎയുടെ ചെയര്‍മാനായ അച്ചന്റെ ശ്രമഫലമായാണ്‌.

ഭവനരഹിതര്‍ക്കു പാര്‍പ്പിടം ഒരുക്കുവാന്‍ വടക്കേമുറിയച്ചന്‍ എക്കാലവും മുമ്പന്തിയിലായിരുന്നു. വിവിധ പദ്ധതികളിലായി 12000ല്‍ അധികം വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിക്കു കഴിഞ്ഞു. മഹാജൂബിലി സ്‌മാരകമായി രണ്‌ടായിരാമാണ്‌ടില്‍ 2000 വീട്‌ എന്ന സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചു. പദ്ധതി പൂര്‍ണതിയെലിത്തിയപ്പോള്‍ മൂവായിരത്തില്‍പ്പരം വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി രൂപതയ്‌ക്കു സാധിച്ചതിന്റെ പിന്നിലെ ചാലകശക്തി അച്ചനായിരുന്നു.

വിദ്യാഭ്യാസമേഖലയിലും അനുകരണീയമായ സംഭാവനകള്‍ നല്‍കി. പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്തു ഏകീകൃത പാഠ്യക്രമം ആവിഷ്‌കരിക്കുവാനും പ്രകൃതി സൗഹൃദ പഠനക്രമം അനുവര്‍ത്തിക്കുവാനും 1988ല്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ സൊസൈറ്റി ആരംഭിച്ച നഴ്‌സറി സ്‌കൂള്‍ വിദ്യാഭ്യാസ വികസന പദ്ധതിവഴി കഴിഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 120ല്‍ ഏറെ നേഴ്‌സറി സ്‌കൂളുകളെ പദ്ധതിയുടെ ഭാഗമായി ഏകോപിപ്പിക്കുവാനും പഠനോപകരണങ്ങളും കളിക്കോപ്പുകളും തയാറാക്കി നല്‍കുവാനും കഴിഞ്ഞു. ഈ പാഠ്യക്രമം പിന്നീട്‌ വിവിധ ഏജന്‍സികള്‍ വ്യാപകമായി ഏറ്റെടുക്കുവാന്‍ മുന്നോട്ടുവന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിമാന സ്ഥാപനമായ അമല്‍ ജ്യോതി എന്‍ജിനിയറിംഗ്‌ കോളജ്‌ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയതും വടക്കേമുറിയച്ചനാണ്‌.

പാലും തേനും ഒഴുക്കി വികസനവിപ്ലവം

കാഞ്ഞിരപ്പള്ളി: കര്‍ഷകമുന്നേറ്റങ്ങളും കര്‍ഷക കൂട്ടായ്‌മകളും വഴി മാത്രമേ കര്‍ഷകനു സ്ഥാപിത താല്‌പര്യക്കാരുടെയും കുത്തക വ്യവസായികളുടെയും ഇടത്തട്ടുകാരുടെയും ചൂഷണത്തില്‍ നിന്ന്‌ മോചിതരാകുവാന്‍ കഴിയൂ എന്ന്‌ വിശ്വസിച്ചിരുന്ന വടക്കേമുറിയച്ചന്‍ കര്‍ഷക സമൂഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഒട്ടേറെ സംരഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഇടുക്കിയില്‍ ചെറുകിട കര്‍ഷകരെ ഒരുമിച്ചുകൊണ്‌ടു ആരംഭിച്ച മലനാട്‌ ഫാര്‍മേഴ്‌സ്‌ സൊസൈറ്റികളും സുഗന്ധവിള കര്‍ഷകരെ കോര്‍ത്തിണക്കിസ്‌പൈസസ്‌ ഫാര്‍മേഴ്‌സ്‌ സൊസൈറ്റികളും കര്‍ഷകര്‍ക്ക്‌ പുതിയ ദിശാബോധം ലഭിക്കുവാന്‍ സഹായകമായി. ഹൈറേഞ്ച്‌ മേഖലയിലെ ഒമ്പത്‌ ഗ്രാമങ്ങളിലെ ചെറുകിട തേയില കര്‍ഷകരെ സംഘടിപ്പിച്ചു രൂപം നല്‍കിയ മലനാട്‌ ടീ ഫാര്‍മേഴ്‌സ്‌ സൊസൈറ്റി കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന കൊളുന്ത്‌ ഇടനിലക്കാരെ ഒഴിവാക്കി സംസ്‌കരിക്കുവാന്‍ വാളാഡിയില്‍ സ്വന്തമായി ടീ ഫാക്‌ടറി സ്ഥാപിച്ചു.

ഹൈറേഞ്ചിലെ കര്‍ഷകരുടെ അഭിവൃദ്ധിക്കായി ഏലംകൃഷി വികസനപദ്ധതി നടപ്പാക്കിയ അച്ചന്‍ നെറ്റിത്തൊഴുവിലും കൊച്ചറയിലും സ്റ്റോറുകള്‍ ആരംഭിച്ചു. റബര്‍ ബോര്‍ഡുമായി സഹകരിച്ചു 1981ല്‍ അച്ചന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍ധനര്‍ക്കു റബര്‍കൃഷി പദ്ധതി 4200ല്‍ ഏറെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കു രക്ഷാമാര്‍ഗമായി. മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി 1981ല്‍ ആരംഭിച്ച ഗ്രാമതല കര്‍ഷക യൂണിറ്റുകള്‍ മാതൃകയാക്കിയാണ്‌ റബര്‍ബോര്‍ഡ്‌ പിന്നീട്‌ ആയിരത്തിലധികം റബര്‍ ഉല്‌പാദകസംഘങ്ങള്‍ കേരളത്തിലും പുറത്തുമായി രൂപീകരിക്കുവാന്‍ മുന്നിട്ടിറങ്ങിയത്‌.

മള്‍ബറികൃഷിയും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും കേരളത്തില്‍ ആദ്യമായി വ്യാപകമായി പ്രചരിപ്പിച്ചത്‌ വടക്കേമുറിയച്ചനാണ്‌. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനരംഗത്ത്‌ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നിലും വടക്കേമുറിയച്ചന്റെ ദീര്‍ഘവീക്ഷണവും വികേന്ദ്രീകൃത വികസന ദര്‍ശനവുമാണ്‌ ഉള്ളത്‌. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ മഴവെള്ള സംഭരണം വ്യാപകമാക്കാന്‍ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു അച്ചനാണ്‌. മഴവെള്ള സംഭരണികള്‍ നിര്‍മിക്കുവാന്‍ ഫെറോസിമന്റ്‌ സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായി മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയാണ്‌ നടപ്പാക്കിയത്‌. ഫെറോസിമന്റ്‌ സാങ്കേതിക വിദ്യയ്‌ക്കു സര്‍ക്കാര്‍തലത്തില്‍ അംഗീകാരം നേടുന്നതില്‍ വിജയിച്ച അച്ചന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കുന്ന നിയമം സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കുന്നതിനു പിന്നിലും പ്രേരകശക്തിയായി വര്‍ത്തിച്ചു.

ജൈവസൗഹൃദ ഉല്‌പന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിച്ചും നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയും പ്രകൃതി സാഹോദര്യ ഗ്രൂപ്പുകള്‍ പ്രാദേശികമായി രൂപീകരിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാരിസ്ഥിതിക മാനം നല്‍കുവാന്‍ സാധിച്ചു.

ഇടുക്കി ജില്ലയിലെ കരുണാപുരത്തും കോട്ടയം ജില്ലയിലെ പനക്കച്ചിറയിലും ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിലും 1999 ല്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച സുസ്ഥിര കുടിവെള്ള പദ്ധതി കേരളത്തിനു മുഴുവന്‍ മാതൃകയായ നീര്‍ത്തടവികസന മോഡലായി ശ്രദ്ധിക്കപ്പെട്ടു. 1997ല്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ജൈവകര്‍ഷക കൂട്ടായ്‌മകളും തുടര്‍ച്ചയായി രൂപീകരിച്ച സഹ്യസാനു ജൈവഗ്രാമപദ്ധതിയും പുതിയ കാര്‍ഷിക ശൈലികള്‍ക്കു കളമൊരുക്കി.

ഗ്രാമീണവികസനത്തില്‍ പുത്തന്‍പാതകള്‍

കാഞ്ഞിരപ്പള്ളി: തൊഴില്‍രഹിതരെ സംഘടിപ്പിച്ചു നിരവധി സഹകരണപ്രസ്ഥാനങ്ങള്‍ക്കും സ്വതന്ത്ര വ്യവസായ യൂണിറ്റുകള്‍ക്കും വടക്കേമുറിയച്ചന്‍ ആരംഭം കുറിച്ചു. പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റിയായ വീമന്‍സ്‌, 1981ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച മലനാട്‌ കരകൗശല സംഘം, റബര്‍ ഡോര്‍ മാറ്റുകള്‍ നിര്‍മിച്ച്‌ വിദേശത്തേയ്‌ക്ക്‌ കയറ്റുമതി ചെയ്‌തുകൊണ്‌ടിരുന്ന പ്രിയാസ്‌, കപ്പാട്‌ വനിതാ ഇന്‍ഡസ്‌ട്രിയല്‍ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റി, മണിപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍, പാറത്തോട്ടിലെ ഫ്രസ്‌ റബര്‍ ഇന്‍ഡസ്‌ട്രീസ്‌, മലനാട്‌ ഹരിജന്‍ വനിതാ ഹാന്റിക്രാഫ്‌റ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റി എന്നിവ അച്ചന്‍ നേതൃത്വം കൊടുത്ത്‌ ആരംഭിച്ച വ്യവസായ സംരംഭങ്ങളാണ്‌.

മൃഗസംരക്ഷണ രംഗത്തും ചില നൂതനമുന്നേറ്റങ്ങള്‍ക്കു വടക്കേമുറിയച്ചന്‍ തുടക്കം കുറിച്ചു. നാടന്‍ ആടുകളുടെ വര്‍ഗഗുണം വര്‍ധിപ്പിക്കുവാന്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നു ജമുനാപ്യാരി ആടുകളെ കേരളത്തില്‍ കൊണ്‌ടുവന്നു ചെറുകിട കര്‍ഷകര്‍ക്കു വിതരണം ചെയ്‌തു. കാലിവളര്‍ത്തലുകാര്‍ക്കു കാലികള്‍ക്കുള്ള കൃത്രിമ ബീജസങ്കലന സൗകര്യം പ്രാദേശികമായി ലഭ്യമാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി.

വേദനിക്കുന്നവര്‍ക്കു നല്ല സമറായന്‍

കാഞ്ഞിരപ്പള്ളി: വേദനിക്കുന്ന മനുഷ്യരുടെ കണ്ണുനീര്‍ ഒപ്പുവാന്‍ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്നു വടക്കേമുറിയച്ചന്‍ ചെന്നു. 1999ല്‍ ചുഴലി കൊടുങ്കാറ്റ്‌ ദുരന്തം വിതച്ച ഒറീസയിലെ ജഗ്‌സിംഗ്‌പൂര്‍, കേന്ദ്രപഡ ജില്ലകളില്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ 56 സന്നദ്ധപ്രവര്‍ത്തകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അടിയന്തര ചികിത്സാസഹായം എത്തിച്ചും ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌തും വീടുകള്‍ നിര്‍മിച്ചു നല്‍കിയും ദുരിതബാധിതരുടെ ക്ലേശങ്ങള്‍ ദുരീകരിക്കാന്‍ അച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാപകല്‍ അത്യധ്വാനം ചെയ്‌തു. ചുഴലിക്കൊടുങ്കാറ്റില്‍ നിലംപറ്റിയ അംബസാള്‍ ഗവണ്‍മെന്റ്‌ സ്‌കൂളിന്റെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചു പ്രവര്‍ത്തനയോഗ്യമാക്കി. കുടിവെള്ള ടാങ്കും കക്കൂസും നിര്‍മിച്ചു നല്‍കി. ഈ സ്‌കൂളിലെ കുട്ടികളുമായി തുടര്‍ന്നും ബന്ധപ്പെടുവാന്‍ ലക്ഷ്യമിട്ടു പാവപ്പെട്ടവരായ 24 കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്‌ത ശേഷമാണു അച്ചന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയില്‍നിന്നു മടങ്ങിയത്‌.

നിസ്വാര്‍ത്ഥ സേവനത്തിന്റെ സാക്ഷ്യം: മാര്‍ അറയ്‌ക്കല്‍

കാഞ്ഞിരപ്പള്ളി: നാലു പതി റ്റാണ്‌ടുകാലം സാമൂഹ്യക്ഷേമ വികസന രംഗത്തു നിറഞ്ഞുനിന്ന്‌ ജാതിമതഭേദമെന്യേ സകല മനുഷ്യരുടെയും സമഗ്രവികസനം ലക്ഷ്യമാക്കി ജീവിച്ച മാത്യു വടക്കേമുറിയച്ചന്റെ നിര്യാണം സഭയ്‌ക്കും പൊതുസമൂഹത്തിനും തീരാനഷ്‌ടമാണെന്നു കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍. ക്രൈസ്‌തവ ദര്‍ശനത്തിലൂന്നി, ഗാന്ധിയന്‍ ശൈലിയില്‍ പ്രകൃതിജീവനം നടത്തിയ മാത്യു അച്ചന്‍ തികച്ചും ശാസ്‌ത്രീയവും ക്രമീകൃതവുമായ സാമൂഹിക ക്ഷേമപ്രവര്‍ത്തന ങ്ങള്‍ക്ക്‌ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമല്ല കേരളത്തിലുടനീളം നേതൃത്വം നല്‍കി. സാമൂഹ്യസേവനത്തെ ഒരു ശുശ്രൂഷയ്‌ക്കപ്പുറം സുസ്ഥി രമായ ഒരു വികസനത്തിന്റെ പന്ഥാവാക്കിമാറ്റാന്‍ ഫാ. വടക്കേമുറിയുടെ നേതൃത്വത്തിലാരംഭിച്ച മലനാട്‌ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെയും ഇന്‍ഫാമിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്ന്‌ മാര്‍ അറയ്‌ക്കല്‍ സൂചിപ്പിച്ചു. തൊഴിലിനൊപ്പം തൊഴിലാളിയെ തൊഴിലുടമയാ ക്കുവാനും പാവപ്പെട്ടവനേയും സാധാരണക്കാരനേയും സമ്പന്ന നേയും ഒരേ ചരടില്‍ കോര്‍ത്തു നിര്‍ത്തി സാമൂഹിക സമുദ്ധാ രണത്തിന്‌ നേതൃത്വം നല്‍കിയ ഫാ. വടക്കേമുറിയുടെ ജീവിതം വരും തലമുറകള്‍ക്കു മാതൃക യാകുമെന്നു മാര്‍ അറയ്‌ക്കല്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി: മലനാട്‌ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി, ഇന്‍ഫാം എന്നീ പ്രസ്ഥാനങ്ങ ളിലൂടെ സഭയ്‌ക്കും സമൂഹത്തിനും നിസ്‌തുല സേവനം ചെയ്‌ത ഫാ. മാത്യു വടക്കേമുറിയുടെ നിര്യാ ണത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ അനുശോചിച്ചു.

ദൈവത്തോടുള്ള വിശ്വസ്‌തത യില്‍നിന്നും രൂപം കൊള്ളുന്ന സാമൂഹ്യപ്രതിബദ്ധതയുടെ ആള്‍ രൂപമായിരുന്നു ഫാ. വടക്കേ മുറിയെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തി ല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാവുംപകലും പാവപ്പെട്ട വരുടെ ഉന്നമനത്തിനുവേണ്‌ടി അധ്വാനിച്ച അച്ചനോടു കേരള സമൂഹത്തിനു വലിയ കടപ്പാ ടുണെ്‌ടന്നു അനുശോചന സന്ദേ ശത്തില്‍ മാര്‍ പവ്വത്തില്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. നല്ല അജപാലകനും മികച്ച സാമൂഹിക പ്രവര്‍ത്തകനും സം ഘാടകനുമായ മാത്യു വടക്കേ മുറിയച്ചന്റെ നിര്യാണം കേരള സഭയ്‌ക്ക്‌ വലിയ നഷ്‌ടമാണെന്ന്‌ മാര്‍ മാത്യു വട്ടക്കുഴി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും പ്രത്യേക താല്‍പ്പര്യമുണ്‌ടായിരുന്ന അച്ചന്‍ വിദ്യാഭ്യാസ മേഖലയിലും കാര്‍ഷിക മേഖലയിലും സ്‌മര ണീയമായ സംഭാവനകള്‍ നല്‍കിയിരുന്നുവെന്നു മാര്‍ വട്ടക്കുഴി സൂചിപ്പിച്ചു.

അനുശോചന പ്രവാഹം

കാഞ്ഞിരപ്പള്ളി: വാഹനാപകടത്തില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞ ഇന്‍ഫാം മുന്‍ ചെയര്‍മാനും മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.

ഇന്‍ഫാം സ്ഥാപ ക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു.

രൂപതയുടെ സാമൂഹിക പ്രസ്ഥാ നമായ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ സ്ഥാപകനും സാരഥിയുമായ ഫാ. വടക്കേമുറി യിലൂടെ സമൂഹത്തിനു പങ്കുവയ്‌ക്ക പ്പെട്ട നിസ്വാര്‍ഥ സേവനങ്ങള്‍ നിസ്‌തുലങ്ങളാണ്‌. സാമൂഹിക രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ ക്ക്‌ ശക്തിപകര്‍ന്ന ആത്മീയ നേതാവിനെയാണു ഫാ. വടക്കേ മുറിയുടെ വേര്‍പാടിലൂടെ നഷ്‌ട പ്പെട്ടിരിക്കുന്നതെന്നു അനുശോ ചനസന്ദേശത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയും ഇന്‍ഫാമിന്റെ ദേശീയ ചെയര്‍മാനുമായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ കോളജ്‌ ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ അനുശോചിച്ചു.

കേരള ക്രൈസ്‌തവ സഭയ്‌ക്കും സാമൂഹിക, സാമ്പത്തിക വളര്‍ച്ചയ്‌ക്കും കൃഷിക്കാരുടെ ഉന്നമനത്തിനുമായി അച്ചന്‍ ചെയ്‌ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നു ഫാ. നിരപ്പേല്‍ കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളി: എകെസിസി കാഞ്ഞിരപ്പള്ളി രൂപത സെക്രട്ടറിയേറ്റ്‌ അനുശോചിച്ചു. ഫാ. മാത്യു വടക്കേമുറി നല്ലസമറായനായിരുന്നെന്നും അദ്ദേഹത്തിന്റെ നിര്യാണം സഭയ്‌ക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്‌ ബേബിച്ചന്‍ ഏര്‍ത്തയില്‍, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോര്‍ജ്‌ കൂരമറ്റം, അഡ്വ. വി.സി. സെബാസ്‌റ്റിയന്‍, കെ.എസ്‌. കുര്യന്‍ പൊട്ടംകുളം, ജോയി നെല്ലിയാനി, ജോസ്‌ കൊച്ചുപുര എന്നിവര്‍ പ്രസംഗിച്ചു.

കപ്പാട്‌: എകെസിസി കപ്പാട്‌ യൂണിറ്റ്‌ അനുശോചിച്ചു. പ്രസിഡന്റ്‌ ജോമി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ വികാരി ഫാ. ജോണി ചെരിപുറം, അസിസ്റ്റന്റ്‌ വികാരി ഫാ. സോബിന്‍ താഴത്തുവീട്ടില്‍, ജോണി വളയത്തില്‍, ജോയി നെല്ലിയാനി, ജോജോ തെക്കുംചേരിക്കുന്നേല്‍, ജയിംസ്‌ വെള്ളമറ്റം, സാബു വട്ടോത്ത്‌, ഷാജി പുതിയാപറമ്പില്‍, ജോസ്‌ നെല്ലിയാനി, ജോയി പാലക്കുടി, വില്‍സണ്‍ പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്‌-എം നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി ജോയി നെല്ലിയാനി അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറിയും സെന്റ്‌ ആന്റണീസ്‌ കോളജ്‌ അഡ്‌മിനിസ്‌ട്രേറ്ററുമായ ജോസ്‌ കൊച്ചുപുര അനുശോചിച്ചു.

No comments:

Post a Comment